റേഷന്‍കടക്കാരുടെ മാസവേതനം 16,000 മുതല്‍ 47,000 വരെയായി വര്‍ദ്ധിപ്പിച്ചു

റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ വേതനം നിശ്ചയിച്ചു. കൈകാര്യം ചെയ്യുന്ന കാര്‍ഡുകളുടെ എണ്ണം അനുസരിച്ചാണ് വേതനം. 16000 രൂപ മുതല്‍ 47,000 രൂപവരെയാണ് വേതനം. സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 350 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് കണക്കു കൂട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരായ ഡോ.തോമസ് ഐസക്, പി.തിലോത്തമന്‍, റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയ്ക്ക് ഒടുവിലാണ് തീരുമാനം.
350 വരെ കാര്‍ഡുകളുള്ള റേഷന്‍ കടകള്‍ക്കാണ് 16000/രൂപ നിശ്ചയിച്ചത്. സംസ്ഥാനത്ത് 350 മുതല്‍ 2100 വരെ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന കടകളെ വിവിധ സ്ലാബുകളാക്കി തിരിച്ച് ആദ്യത്തെ 3 സ്ലാബുകള്‍ക്ക് ഒരു നിശ്ചിത താങ്ങ് വേതനം നിശ്ചയിച്ചുകൊണ്ടാണ് ഈ പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. 2100 വരെ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് 47000/ രൂപ വരെ പ്രതിമാസം ലഭിക്കും. റേഷന്‍കടകള്‍ക്ക് കമ്മിഷന്‍ അടിസ്ഥാനത്തില്‍ വേതനം കണക്കാക്കിയപ്പോള്‍ പരമാവധി ആറായിരം രൂപ മാത്രമാണ് ലഭിക്കുന്നത് എന്ന് ഇതിനെ കുറിച്ച് നേരത്തെ നിവേദിത പി.ഹരന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പുതിയ പാക്കേജില്‍ നിശ്ചയിക്കപ്പെട്ട വേതനം ലഭിക്കണമെങ്കില്‍ വ്യാപാരികള്‍ നിശ്ചിത അളവിലുള്ള ധാന്യം ബയോ മെട്രിക് സംവിധാനത്തിലൂടെ വിതരണം ചെയ്തിരിക്കണം. ഇതുകൂടാതെ വ്യാപാരികള്‍ ആവശ്യപ്പെട്ട വിധം കൃത്യമായ അളവില്‍ ധാന്യങ്ങള്‍ ഗോഡൗണുകളില്‍ നിന്ന് തൂക്കിക്കൊടുക്കുമെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പില്‍ വന്ന് നവംബര്‍ മാസം മുതല്‍ വാതില്‍പ്പടി വിതരണം ആരംഭിച്ച മാര്‍ച്ചുമാസം വരെ റേഷന്‍ കടക്കാര്‍ക്ക് ഇന്‍സെന്റീവായി പ്രതിമാസം 500 രൂപ വീതം നല്‍കുവാനും ധാരണയായി. വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന റേഷന്‍ കാര്‍ഡ് വിതരണത്തില്‍ വ്യാപാരികളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും ജനങ്ങള്‍ക്ക് ചോര്‍ച്ചയില്ലാതെ ധാന്യങ്ങള്‍ വിതതരണം ചെയ്യുമെന്ന് ഉറപ്പുവരുത്തണമെന്നും. മുഖ്യമന്ത്രി വ്യാപാരികളോട് നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് ആകെ 14,335 റേഷന്‍ വ്യാപാരികളാണ് നിലവിലുള്ളത്. റേഷന്‍ വിതരണത്തിലെ കമ്മീഷനു പുറമെ പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ ഉപയോഗിച്ച് ബാങ്കിംഗ് സേവനങ്ങള്‍, റേഷന്‍ ഇതര നിത്യോപയോഗ സാധനങ്ങളുടെ വില്പന എന്നിവ വഴിയുള്ള അധിക വരുമാനവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്.
https://www.facebook.com/Malayalivartha


























