പിണറായി രണ്ടും കല്‍പ്പിച്ച് തന്നെ: മുഖ്യമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് വിളിക്കും

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന വിജ്ഞാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും മന്ത്രിസഭ തീരുമാനിച്ചു.
മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഉടന്‍ തന്നെ മുഖ്യമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് വിളിക്കും. എത്രയും പെട്ടെന്ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.
കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും ആണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളിലേക്കും മൗലികമായ അവകാശങ്ങളിലേക്കും ചട്ടങ്ങളിലൂടെ കടന്നു കയറാനാണ് കേന്ദ്രത്തിന്റെ ശ്രമം.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ മറവില്‍ പൗരന്റെ തൊഴില്‍, വ്യാപാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഇവയെല്ലാം ഹനിക്കുന്നത് അനുവദനീയമല്ല. ഇത്തരമൊരു ചട്ടമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന് ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് അംഗീകരിക്കുന്നതാണ് 1960ലെ മൃഗങ്ങളോടുള്ള ക്രൂരതകള്‍ തടയുന്നതിനുള്ള നിയമം. അനാവശ്യമായ വേദനയോ കഷ്ടപ്പാടുകളോ മൃഗങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്നാണ് നിയമം അനുശാസിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ചട്ടങ്ങള്‍ക്ക് യാതൊരുവിധ പ്രസക്തിയും ഇല്ല.
ചില മൃഗങ്ങളെ മാത്രം പ്രത്യേകം തെരഞ്ഞുപിടിച്ച് അവയെ കശാപ്പിനു വേണ്ടി വില്‍ക്കാന്‍ പാടില്ല എന്ന് ചട്ടങ്ങളിലൂടെ നിഷ്‌കര്‍ഷിക്കുമ്പോള്‍ ഈ ചട്ടങ്ങള്‍ മൃഗങ്ങളോടുള്ള ക്രൂരതകള്‍ തടയുന്നതിനുള്ള നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തിനു തന്നെ വിരുദ്ധമാണ്‍്.
6,552 കോടി രൂപയുടെ മാട്ടിറച്ചി വ്യാപാരമാണ് പ്രതിവര്‍ഷം സംസ്ഥാനത്ത് നടക്കുന്നത്. 2.52 ലക്ഷം ടണ്‍ മാട്ടിറച്ചിയുടെ വ്യാപാരവും നടക്കുന്നുണ്ട്. അഞ്ച് ലക്ഷത്തിലേറെ പേരാണ് ഈ രംഗത്ത് പണിയെടുക്കുന്നത്. ഇറച്ചിയുടെ കാര്യത്തില്‍ മാത്രമല്ല തുകല്‍, മറ്റ് അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനത്തെയും ഇത് ബാധിക്കും. കശാപ്പ് നിരോധന ഉത്തരവ് നടപ്പിലാക്കുന്നത് ക്ഷീരമേഖലയെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമവിരുദ്ധമായ ഒരുപാടു വ്യവസ്ഥകള്‍ പുതിയ വിജ്ഞാപനത്തില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്. കന്നുകാലികളെ കൃഷി ആവശ്യത്തിനല്ലാതെ വില്‍ക്കരുത്, മൂക്കുകയറിടരുത്, ആറുമാസത്തിനകം വില്‍ക്കരുത്, അറവുശാലകള്‍ക്ക് വില്‍ക്കരുത്, പ്രായമാകാത്തവയെ ചന്തകളില്‍ കൊണ്ടുവരരുത് തുടങ്ങിയ വ്യവസ്ഥകള്‍ തികച്ചും നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ പിന്തുണ തേടിക്കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിരുന്നു.
കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha



























