കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ ഇന്നുമുതല്‍ ഇ-ടിക്കറ്റിങ്

കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് ഇന്നുമുതല്‍. ആദ്യം കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെ എസ് എഫ് ഡിസി) തിയറ്ററുകളില്‍. തിരുവനന്തപുരം കൈരളി കോംപ്ലക്‌സില്‍ ഇന്നും മറ്റു തിയറ്ററുകളില്‍ ഒരാഴ്ചയക്കകവും തുടക്കമാകും.
ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മറ്റു സ്വകാര്യ തിയറ്ററുകളിലും വരുമെന്നു കെഎസ് എഫ് ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. ഇതോടെ എത്രപേര്‍ സിനിമ കണ്ടുവെന്ന കൃത്യമായ കണക്കു വരും. നികുതി കണിശമായി ഖജനാവിലെത്തും. അനധികൃത പ്രദര്‍ശനങ്ങള്‍, ക്രമക്കേടുകള്‍ പഴങ്കഥയാവും. തിയറ്റര്‍ വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ചലച്ചിത്ര മേഖലയില്‍ സുതാര്യത വരും.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് നടപ്പാക്കാന്‍ തീരുമാനിച്ചതെങ്കിലും ഒരു വിഭാഗം തിയറ്റര്‍ ഉടമകളുടെ എതിര്‍പ്പുമൂലം വൈകിയിരുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണു പദ്ധതിയുടെ സാങ്കേതിക ചുമതല. സംസ്ഥാനത്തെ 570 തിയറ്ററുകളെയും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഏക സെര്‍വറുമായി ബന്ധിപ്പിക്കുകയാണ് ഇ-ടിക്കറ്റിങ് ചെയ്യുന്നത്.
നികുതി തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയുമെല്ലാം വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പോകും. ഓരോ ദിവസത്തെയും കലക്ഷന്‍ ഓണ്‍ലൈനായി പരിശോധിക്കാനും കഴിയും.
https://www.facebook.com/Malayalivartha



























