ജാതിയും മതവും രേഖപ്പെടുത്താതെ മകളെ സര്‍ക്കാര്‍ സ്‌കൂളിലാക്കി എം.ബി രാജേഷ് എംപി

മാതൃക കാട്ടി പുതുതലമുറക്കാര്‍. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്ന നിലപാട് വ്യക്തമാക്കി എംബി രാജേഷ് എംപിയും രണ്ടാമത്തെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിലൂടെ രാജേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ഇല്ല എന്ന് രേഖപ്പെടുത്തിയാണ് മകളായ പ്രിയങ്കയെ പാലക്കാട് ഈസ്റ്റ് യാക്കര(മണപ്പുളളിക്കാവ്) ഗവ. എല്‍പി സ്‌കൂളില്‍ ചേര്‍ത്തതെന്നും രാജേഷ് പറയുന്നു. കേന്ദ്രീയ വിദ്യാലയയില്‍ എം.പി.മാരുടെ മക്കള്‍ക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നു വച്ചിട്ടാണ് സര്‍ക്കാര്‍ സ്‌ക്കൂളില്‍ തന്നെ കുട്ടികളെ ചേര്‍ക്കാന്‍ തീരുമാനിച്ചത്. (കേന്ദ്രീയ വിദ്യാലയവും സര്‍ക്കാര്‍ സ്‌ക്കൂളാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവിടെ മലയാളം പഠിപ്പിക്കാന്‍ നിര്‍വ്വാഹമില്ല.)
എംപിയെന്ന നിലയില്‍ അനേകം പേര്‍ക്ക് അവര്‍ മികച്ചതെന്ന് കരുതുന്ന സ്വകാര്യവിദ്യാലയങ്ങളിലെ പ്രവേശനത്തിന് ശുപാര്‍ശ കത്ത് കൊടുത്തിട്ടുണ്ട്. അതിനും പുറമേ കേന്ദ്രീയ വിദ്യാലയത്തില്‍ എം.പി. ക്വാട്ടയിലുള്ള പത്ത് സീറ്റിലേക്ക് മറ്റ് കുട്ടികള്‍ക്ക് പ്രവേശനവും നല്‍കാറുണ്ട്. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ പ്രേരണയായ ഘടകങ്ങളാണെന്നും രാജേഷ് കുറിക്കുന്നു.
ഒപ്പം വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പോലീസ് മര്‍ദ്ദനത്തിന്റെയും ജയില്‍ വാസത്തിന്റെയും ഓര്‍മ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തില്‍ തന്നെ പഠിപ്പിക്കണമെന്ന നിര്‍ബന്ധത്തിന് പിന്നിലുണ്ട്. ഒരു കാര്യം പ്രത്യേകം ചേര്‍ക്കട്ടെ. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ 'ഇല്ല' എന്നാണ് രേഖപ്പെടുത്തിയത്. പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇത്തരമൊരു കാര്യം ചെയ്യാനായതില്‍ അഭിമാനിക്കുന്നു.
എണ്ണൂറോളം പേരാണ് കേന്ദ്രീയ വിദ്യാലയത്തിലെ 10 സീറ്റിനായി സമീപിച്ചത്. കിട്ടാത്ത പലര്‍ക്കും തന്നോട് നീരസം തോന്നിയിട്ടുണ്ടാവും. ഇത് വായിക്കുമ്പോള്‍ അതല്‍പ്പം കുറയുമെന്ന് വിചാരിക്കുന്നതായും പറഞ്ഞാണ് രാജേഷിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് അവസാനിക്കുന്നത്. എംബി രാജേഷിന്റെ മൂത്തമകള്‍ നിരഞ്ജന ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വി.ടി ബല്‍റാമും തന്റെ മകനെ സര്‍ക്കാര്‍ സ്‌കൂളിലാണ് ചേര്‍ത്തതെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























