സത്യത്തില്‍ ആര്‍ക്കും ഒരുപിടിയുമില്ല: 2014 ലെ ഉത്തരവ് അറിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കളഞ്ഞു കുളിച്ചത് കോടികള്‍

2014 ഓഗസ്റ്റ് 14 ന് പുറത്തു വന്ന കേന്ദ്ര വിജ്ഞാപനം പരിശോധിക്കാതെ പാതയോരത്തെ ബീയര്‍ പാര്‍ലറുകളും ബെവ്‌കോ ഔട്ട് ലെറ്റുകളും പൂട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാന ഖജനാവിന് വരുത്തിയത് കോടികളുടെ നഷ്ടം.
ഒടുവില്‍ ബാര്‍ ഉടമകള്‍ വേണ്ടിവന്നു വിജ്ഞാപനം ഹൈക്കോടതിയുടെ ശ്രദ്ധയിലെത്തിക്കാന്‍ . ദേശീയപാതാ പട്ടികയില്‍ നിന്നും റോഡുകള്‍ ഒഴിവാക്കപ്പെട്ട വിവരം കൃത്യസമയത്ത് അറിയാത്ത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കണ്ടെത്തേണ്ടതല്ലേ? അവര്‍ ഇക്കാര്യം കൃത്യമായി കണ്ടെത്തിയിരുന്നെങ്കില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റേണ്ടി വരില്ലായിരുന്നു. ഔട്ട് ലെറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങളും ഒഴിവാക്കാമായിരുന്നു.
എക്‌സൈസ് സെക്രട്ടറിയും കമ്മീഷണറും ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന വകുപ്പിലാണ് ഇത്തരമൊരു കൃത്യവിലോപമെന്ന് മനസിലാക്കണം.ഏതായാലും കേരളത്തില്‍ മുന്നൂറോളം ബാറുകള്‍ ജൂണ്‍ 30 നു മുമ്പ് തുറക്കും. ജൂണ്‍ 30 കഴിയുമ്പോള്‍ സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കും. അതോടെ കേരളം പഴയതു പോലെ മദ്യ കേരളമാകും.കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും അരൂര്‍ മുതല്‍ കഴക്കൂട്ടം വരെയുമുള്ള റോഡുകള്‍ ദേശീയ പാതയായി പരിഗണിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൂട്ടിക്കിടന്ന മദ്യവില്‍പ്പനശാലകളാണ് തുറക്കാന്‍ പോകുന്നത്. 2014 ല്‍ ദേശീയപാതാ അതോറിറ്റി പുറത്തിറക്കിയ ഉത്തരവാണ് ബാര്‍ ഉടമകള്‍ക്കും സര്‍ക്കാരിനും സഹായമായി തീര്‍ന്നത്. സര്‍ക്കാര്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ല. അതിനര്‍ത്ഥം ബാറുകള്‍ ഉടന്‍ തുറക്കും.
ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായാണ് ബാറുകള്‍ പൂട്ടിയത്. നിരവധി ബാറുകള്‍ സ്വന്തമായുള്ള വെള്ളാപ്പള്ളി നടേശനെ പൂട്ടാനാണ് സുധീരന്‍ ബാര്‍ പൂട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കെ.എം.മാണിയുടെ രാജിക്കും കെ ബാബുവിന്റെ തോല്‍വിക്കുമൊക്കെ ഇത് കാരണമായി. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും വെള്ളത്തിലായി.
ബാര്‍ ഉടമകളെ സംബന്ധിച്ചടത്തോളം ബാര്‍ തുറക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി അവര്‍ ഏതറ്റം വരെയും പോകും. പണമല്ല എന്ത് വേണമെങ്കിലും ആര്‍ക്കും നല്‍കും. ബാറുടമകള്‍ സി പി എം നേതാക്കളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി കഴിഞ്ഞു. ടുറിസം മന്ത്രിയും ധനമന്ത്രിയും ബാര്‍ തുറക്കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും ബാര്‍ തുറക്കുന്നതിനോട് അനുകൂല നിലപാട് തന്നെയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എല്‍ ഒ സി ആവശ്യമില്ലെന്നു വന്നതോടെ ബാറുകളെല്ലാം ജെറ്റ് വേഗത്തില്‍ തുറക്കും.
https://www.facebook.com/Malayalivartha



























