മെട്രോ റെയില്‍ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തുന്നതു പ്രമാണിച്ച് കൊച്ചിയില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും

മെട്രോ റെയില്‍ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തുന്നതു പ്രമാണിച്ച് ഉദ്ഘാടനവേദിയിലും നഗരത്തിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചി നഗരം കനത്ത പൊലീസ് ബന്തവസിലാണ്. ഡിജിപി: ടി.പി. സെന്‍കുമാര്‍ നേരിട്ടെത്തി സുരക്ഷാ നടപടികളുടെ നിയന്ത്രണം ഏറ്റെടുത്തു.
പ്രധാനമന്ത്രി കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ പ്രധാനവേദി, അദ്ദേഹം യാത്ര ചെയ്യുന്ന മെട്രോ കോച്ചുകള്‍ തുടങ്ങിയവയുടെ സുരക്ഷാ നിയന്ത്രണം എസ്പിജിയുടെ നിയന്ത്രണത്തിലാണ്. ശനിയാഴ്ച രാവിലെ പത്തേകാലോടെ നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന മുഖ്യമന്ത്രി ആദ്യം പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലാവും എത്തുക. ഇവിടെ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീടാവും കലൂരിലെ വേദിയിലെത്തി മെട്രോയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുക. അതിനുശേഷം സെന്റ് തേരേസാസ് കോളജില്‍ സംഘടിപ്പിച്ചിരിക്കുന്ന പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയിലും പങ്കെടുക്കും.
തുടര്‍ന്ന് റോഡ് മാര്‍ഗം നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രിയുമായും സംസ്ഥാന മന്ത്രിമാരുമായും കൂടിക്കാഴ്ചയും നടത്തിയ േശഷമാകും മടങ്ങുക.
കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു സമീപത്തെ പ്രത്യേക വേദിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ഉദ്ഘാടനത്തിന് ഒരു മണിക്കൂര്‍ മുന്‍പു (രാവിലെ പത്തു മണി) പന്തലില്‍ പ്രവേശിക്കണം. ക്ഷണപത്രം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കയ്യില്‍ കരുതണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരാന്‍ പാടില്ല.
വാഹനങ്ങളുടെ റിമോട് കീ, ബാഗ്, വെള്ളക്കുപ്പി എന്നിവ അനുവദിക്കില്ല. ചടങ്ങിനിടെ പുറത്തുപോകാന്‍ അനുവദിക്കില്ല. ഉദ്ഘാടനച്ചടങ്ങിന്റെ സുരക്ഷയ്ക്ക് 18 എസ്പി, 40 ഡിവൈഎസ്പി, 50 സിഐ, 350 എസ്‌ഐ എന്നിവരുള്‍പ്പെടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 350 വനിതാ ട്രെയിനി കെഡറ്റുകളുടെയും 185 എസ്‌ഐ ട്രെയിനിങ് കെഡറ്റുകളുടെയും സേവനവുമുണ്ട്. 150 പൊലീസുകാരെ മഫ്തിയിലും നിയോഗിക്കും.
https://www.facebook.com/Malayalivartha

























