മെട്രോ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയെ കരുതി പൊലീസ് കരുതല്‍ തടങ്കലിലായത് നൂറു കണക്കിന് സാധാരണക്കാര്‍

കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയെ കരുതി പൊലീസ് കരുതല്‍ തടങ്കലിലാക്കിയത് നൂറുകണക്കിനു പേരെ. കഴിഞ്ഞ രണ്ടു ദിവസങ്ങളായി കൊച്ചി നഗരത്തിലെ നിരവധി ആളുകളെയാണ് പൊലീസ് കരുതല്‍ തടങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ഹാദിയ കേസിലും പുതുവൈപ്പിന്‍ എല്‍പിജി പ്ലാന്റ് വിഷയത്തിലും സമര മുഖവുമായി ബന്ധപ്പെട്ട് നിന്നിരുന്നവരും മാവോയിസ്റ്റ് അനുകൂലികളെന്നു വിളിപ്പേരുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. എന്നാല്‍ എത്ര പേരെ കരുതല്‍ തടങ്ങലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നു വ്യക്തമാക്കാന്‍ പൊലീസ് തയാറായിട്ടില്ല.
അതേസമയം പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ പൊലീസ് സാധാരണക്കാരെ വലക്കുകയാണെന്ന് ആദ്യമേ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സാധാരണ നിലയില്‍ നടന്നിരുന്ന പുതുവൈപ്പ് എല്‍പിജി പ്ലാന്റിനെതിരായ പ്രദേശവാസികളുടെ സമരം കഴിഞ്ഞ ദിവസം പൊലീസ് അടിച്ചൊതുക്കിയിരുന്നു. നൂറുകണക്കിനു സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ചാണ് പൊലീസ് സമരം ഒതുക്കാന്‍ ശ്രമിച്ചത്.
ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ മാര്‍ച്ച് നടത്തിയ നിരവധി പേര്‍ അറസ്റ്റിലായി. 300 ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വൈകുന്നേരത്തോടെ വിട്ടയച്ചുവെന്ന് പൊലീസ് പറയുമ്പോഴും പലരും വീട്ടിലെത്തിയിട്ടില്ല. ഇവരില്‍ പലരും പൊലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ തടവിലാണെന്നാണ് പുറത്തു വരുന്ന വിവരം.
മതം മാറ്റ വിവാഹത്തിന്റെ പേരില്‍ വിവാദമായ ഹാദിയ കേസില്‍ ഹൈക്കോടതിക്കെതിരെ മാര്‍ച്ച് നടത്തിയ ചിലരും പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടത്രേ. യാതൊരു പ്രകോപനവും കൂടാതെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























