ഗുരുതരമായി പരിക്കേറ്റ് എഴുന്നേല്‍ക്കാനാകാതെ ജിഷയുടെ അച്ഛന്‍ പാപ്പു

അതിക്രൂരമായി കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പുവിന്റെ ജീവിതം ദുരിതപൂര്‍ണം. വര്‍ഷങ്ങള്‍ക്കു മുമ്പു മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് ഓടക്കാലിക്കു സമീപം ചെറുകുന്നത്തുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഇയാള്‍ രോഗശയ്യയിലാണ്.
കഴിഞ്ഞ ആഴ്ച വാഹനത്തില്‍നിന്നു വീണു കാലിന് ഗുരുതരമായി പരുക്കേറ്റ പാപ്പു എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇയാളെ സംരക്ഷിക്കാനോ ഭക്ഷണം നല്‍കാനോ അരുമില്ല. ജിഷ മരിച്ചതിനെത്തുടര്‍ന്നു ലഭിച്ച ആനുകൂല്യങ്ങളില്‍ നയാപൈസ പാപ്പുവിനു കിട്ടിയില്ല. അമ്മ രാജേശ്വരിയും മൂത്തമകള്‍ ദീപയും ഇതു കൈപറ്റി.
നാലു ദിവസമായി ഇയാള്‍ കട്ടിലില്‍ അഭയം പ്രാപിക്കുന്നു. ഇടിഞ്ഞുവീഴാറായ വീട്ടില്‍ വെള്ളവും വെളിച്ചവും ഇല്ല. എഴുന്നേല്‍ക്കാന്‍ കഴിയാത്തതിനാല്‍ മല മൂത്ര വിസര്‍ജനവും ഇരുളടഞ്ഞ മുറിയിലെ കട്ടിലില്‍തന്നെയാണ്. നാട്ടുകാര്‍ പറഞ്ഞു കേട്ട് കഴിഞ്ഞദിവസം അശമന്നൂര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തകരെത്തി പരിചരിച്ചിരുന്നു.
എന്നാല്‍, ഉടന്‍ തന്നെ നല്ല ചികിത്സ ലഭിച്ചില്ലെങ്കില്‍ പാപ്പുവിന്റെ അവസ്ഥ ഗുരുതരമാകും. ജിഷ മരിച്ച ശേഷം സര്‍ക്കാര്‍ ഇവര്‍ക്കു വീടുവച്ച് നല്‍കുകയും സഹോദരി ദീപയ്ക്ക് ജോലി നല്‍കുകയും ചെയ്തിരുന്നു. മകളുടെ പേരില്‍ ലഭിച്ച അനുകൂല്യങ്ങളില്‍ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























