മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത അമ്മയുടെ പണി പോയി....

മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തതിന്റെ പേരില്‍ അമ്മയ്ക്ക് ജോലി പോയി. കോട്ടയം ഏറ്റുമാനൂരിലാണ് മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയായ അമ്മയുടെ ജോലി തെറിച്ചത്. ഏറ്റുമാനൂര്‍ സെന്റ് ജോര്‍ജ് ഇംഗ്ലീഷ് സ്‌കൂളിലെ അദ്ധ്യാപികയായ സുഷമയെയാണ് മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. 15 വര്‍ഷമായി സെന്റ് ജോര്‍ജ് സ്‌കൂളിലെ അദ്ധ്യാപികയാണ് സുഷമ. ഇവിടെ പഠിച്ചിരുന്ന മകളെ ഈ വര്‍ഷമാണ് സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ ചേര്‍ത്തത്.
ഇതിനുശേഷം സ്‌കൂളിലെത്തിയപ്പോഴാണ് സുഷമയെ തടഞ്ഞത്. മകളെ തിരികെ സ്‌കൂളില്‍ ചേര്‍ത്തതിന് ശേഷം മാത്രം ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് സുഷമ വിദ്യാഭ്യാസ മന്ത്രിക്കും മറ്റു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ സുഷമയുടെ ആരോപണങ്ങളെല്ലാം സെന്റ് ജോര്‍ജ് സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു. 15 വര്‍ഷമായി അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന സുഷമ ജോലിയില്‍ നിന്നും സ്വമേധയാ പിരിഞ്ഞുപോകുകയായിരുന്നുവെന്നാണ് സ്‌കൂളിന്റെ വാദം. കോട്ടയം ഗവണ്‍മെന്റ് കോളേജ് ലൈബ്രറി അസിസ്റ്റന്റും എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായ പിഡി പൊന്നപ്പന്റെ ഭാര്യയായ സുഷമ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha























