പുതുവൈപ്പിനിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് എറണാകുളം സമര സഹായ സമിതി ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി , ജനങ്ങള്‍ വലയുന്നു

പുതുവൈപ്പിനിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് എറണാകുളം ജില്ലയില്‍ സമര സഹായ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈപ്പിനില്‍ ഹര്‍ത്താലിനു കോണ്‍ഗ്രസും ആഹ്വാനം ചെയ്തു. സി.പി.ഐഎം.എല്‍. റെഡ്സ്റ്റാര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ എന്നീ സംഘടനകള്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍.
വെല്‍ ഫെയര്‍ പാര്‍ട്ടിയും ഇന്നു ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ(ഐ.ഒ.സി)ന്റെ എല്‍.പി.ജി. ടെര്‍മിനലിനെതിരേ സമരം നടത്തുന്ന നാട്ടുകാര്‍ക്കു നേരെ ഇന്നലെയാണ് വീണ്ടും കിരാത മര്‍ദ്ദനമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ 30 സമരക്കാര്‍ക്കു പരുക്ക്.
എല്‍.പി.ജി. ടെര്‍മിനലില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയെന്നാരോപിച്ച് പദ്ധതിപ്രദേശത്തേക്കു തള്ളിക്കയറാന്‍ ശ്രമിച്ച സമരക്കാര്‍ക്കുനേരേയാണു പോലീസ് മര്‍ദനമഴിച്ചുവിട്ടത്. പരുക്കേറ്റ സത്രീകളടക്കമുള്ളവരെ ആദ്യം മാലിപ്പുറം സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ലാത്തി ചാര്‍ജിനിടെ പരുക്കേറ്റ നാലു വനിതാ പോലീസുകാരടക്കം 10 പേരെ ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏകദേശം 130 പേരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതില്‍ 74 പേരെ കളമശേരി എ.ആര്‍. ക്യാമ്പിലേക്കും ബാക്കിയുള്ളവരെ മുനമ്പം പോലീസ് സ്‌റ്റേഷനിലേക്കുമാണു കൊണ്ടുപോയത്. ക്യാമ്പിലേക്കു കൊണ്ടുപോയതില്‍ 70 പേരും സ്ത്രീകളാണ്. പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ കോണ്‍ഗ്രസ് ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ജൂെലെ നാലിനു ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ഉറപ്പ് ലംഘിക്കപ്പെട്ടതിനേത്തുടര്‍ന്നാണ് ഉപരോധം സംഘടിപ്പിച്ചത്. 121 ദിവസം നീണ്ട ശക്തമായ സമരങ്ങള്‍ക്കൊടുവിലായിരുന്നു മന്ത്രിയുടെ ഉറപ്പ്. അതേസമയം, പ്രശ്‌നത്തില്‍ ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഐ.ഒ.സി. പ്ലാന്റിലെ നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവയ്ക്കുമെന്നു പ്ലാന്റ് അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് ഉറപ്പുനല്‍കി.
രണ്ടുദിവസം മുമ്പു സമരക്കാര്‍ ഹൈക്കോടതി ജങ്ഷനിലേക്കു നടത്തിയ പ്രതിഷേധപ്രകടനവും പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അന്നു മുന്നൂറോളം സമരക്കാരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീടു ജാമ്യത്തില്‍ വിട്ടു. എല്ലാ അനുമതിയും നേടിയാണു ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചതെന്നും സമരത്തേത്തുടര്‍ന്നു പ്രതിദിനം ഒരുകോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഐ.ഒ.സി. അധികൃതര്‍ പറയുന്നു. എന്നാല്‍, ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്തിമ ഉത്തരവുവരെ ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാണു സമരസമിതിയുടെ ആവശ്യം.
https://www.facebook.com/Malayalivartha























