ജസ്റ്റിസ് കര്ണന് ഒളിവില്‍ കഴിഞ്ഞത് കൊച്ചിയില്‍
കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കര്ണന് ഒളിവില്‍ കഴിഞ്ഞിരുന്നത് കൊച്ചിയില്‍. പനങ്ങാടുള്ള ആഡംബര റിസോര്‍ട്ടില്‍ രണ്ടു സഹായികള്‍ക്കൊപ്പമാണു കര്ണന് കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞത്. എ.എം. രാജ്, ചൂടി അമ്മന്‍ സ്ട്രീറ്റ്, ചെന്നൈ എന്ന വിലാസത്തിലാണ് റിസോര്‍ട്ട് എടുത്തതെന്ന് റിസോര്‍ട്ട് അധികൃതര്‍പറഞ്ഞു. മൂന്ന് തമിഴ്നാട് സ്വദേശികളാണ് റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമായിരുന്നു റിസോര്‍ട്ട് അധികൃതരുടെ പ്രതികരണം.
ഈ മാസം 11 മുതല്‍ 14 വരെയാണ് പനങ്ങാട് റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞതെന്ന് തമിഴ്നാട് പോലീസ് പറയുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ റിസോര്‍ട്ട് ബുക്ക് ചെയ്തത്. രണ്ടു യുവാക്കള്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. മൂന്നാമന് പുറത്തിറങ്ങിയിരുന്നില്ല. കൈതപ്പുഴ കായലിനു തീരത്തുള്ള റിസോര്‍ട്ടില്‍ ഇയാളെ ഒരിക്കല്‍ മാത്രമാണ് ജീവനക്കാര്‍ കണ്ടിട്ടുള്ളത്. ഒരാള്‍മാത്രം പുറത്തിറങ്ങാതിരുന്നത് ജീവനക്കാര്‍ക്കിടയില്‍ സംശയമുണ്ടാക്കിയിരുന്നു.
കര്ണന് കഴിഞ്ഞ ഒന്നരമാസമായി ഒളിവിലായിരുന്നു. കോയമ്പത്തൂരില്‍ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ജസ്റ്റിസ് കര്‍ണനെ ഇന്നലെ വെസ്റ്റ് ബംഗാള്‍ പോലീസും തമിഴ്നാട് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കര്‍ണനെ ഒരുപറ്റം വിദ്യാര്‍ഥികളാണ് തിരിച്ചറിഞ്ഞത്. കര്ണന് ഒളിവില്‍ കഴിയവെ ആറ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, മൊബൈല്‍ ഫോണ്‍ മാറാതിരുന്നതും കര്ണന് വിനയായി. നേരത്തേ കേരളത്തിലും കര്‍ണനുവേണ്ടി അന്വേഷണം നടന്നിരുന്നു. അന്ന് കണ്ടെത്താനായില്ല.
ജസ്റ്റിസ് കര്‍ണന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് പോലീസിന്റെ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും അതിനാല്‍ തങ്ങള്‍ വിഷയം അന്വേഷിച്ചിരുന്നില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ് അറിയിച്ചു. കോയമ്പത്തൂരില്‍ കര്ണന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ പനങ്ങാട് എസ്.ഐ. ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ലേക്ക് സിംഫണി റിസോര്‍ട്ടില്‍ പരിശോധന നടത്തി.
https://www.facebook.com/Malayalivartha