വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
വാളയാറില്‍ രണ്ടു സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു കേസുകളിലായി നാല് പ്രതികളാണുള്ളത്. ആറ് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്സോ കോടതിയില്‍ സമര്‍പ്പിച്ചത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം കൂടാതെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
രണ്ടു പെണ്‍കുട്ടികളുടെയും മരണം ആത്മഹത്യയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പെണ്‍കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ പാമ്പാംപള്ളം കല്ലങ്കാട് എം.മധു (27), വി.മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതയ്ക്കല്‍ ഷിബു (43), അയല്‍വാസിയും ട്യൂഷന് അധ്യാപകനുമായ പ്രദീപ്കുമാര്‍ (34) എന്നിവരാണു പ്രതികള്‍.പെ ണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നു.
പതിമൂന്നുവയസ്സുള്ള മൂത്ത സഹോദരി ജനുവരി 13നും ഒന്‍പതുകാരിയായ ഇളയ സഹോദരി മാര്‍ച്ച് നാലിനുമാണു മരണപ്പെട്ടത്. ശെല്‍വപുരത്ത് ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലില്‍ എട്ടടി ഉയരത്തില്‍ ഒരേ സ്ഥാനത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു മുന്‍പു കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടിരുന്നു.
എട്ടടി ഉയരത്തില്‍ ഒന്‍പതുകാരി തൂങ്ങിമരിക്കുന്നതെങ്ങനെയെന്നാണു സംശയത്തിനിടയാക്കിയത്. എന്നാല്‍ കഴുത്തിലെ കയറിന്റെ കുരുക്കും താഴെയുണ്ടായിരുന്ന കട്ടിലും ദുരൂഹത ഇല്ലാതാക്കുന്നതായിരുന്നു എന്നാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha