ശബരിമല വിഷയത്തിൽ അന്വേഷണം നടത്താൻ ഒരുങ്ങി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ

ശബരിമലയിലെ സ്വർണ്ണക്കൊടി മരത്തിലെ കേടുപാടുകൾ പരിഹരിച്ച് പൂർവ്വസ്ഥിതിയിലാക്കി. കൊടിമരത്തിൽ ദ്രാവകം ഒഴിച്ചത് അട്ടിമറിയല്ലെന്നും മറിച്ച് ആചാരമാണെന്നുമാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പിടിയിലായ ആന്ധ്രാ സ്വദേശികൾ തങ്ങൾ കൊടിമരത്തിലേക്ക് പാദരസം എന്ന ദ്രാവകം ഒഴിച്ചതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിശ്വാസത്തിന്റെ ഭാഗമായി നവധാന്യങ്ങളും ദ്രാവകത്തിനൊപ്പം കൊടിമരത്തിൽ സമർപ്പിച്ചതായി ഇവർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
പിടിയിലായ വിജയവാഡ സ്വദേശികളെ കേന്ദ്ര ഇന്റലിജൻസ് ചോദ്യം ചെയ്യും. കേന്ദ്ര ഏജൻസികൾ സംഭവം അന്വേഷിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര ഇന്റലിജൻസിനൊപ്പം റോയും അന്വേഷണം നടത്തും. ആന്ധ്ര പോലീസിൽ നിന്നും കേരളം പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്.
പിടിയിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുക, വിശ്വാസം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചപൂജയ്ക്ക് ശേഷം 1.27നാണ് പുതുതായി നിർമ്മിച്ച കൊടിമരത്തിലേക്ക് രാസദ്രാവകം ഒഴിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലായിരുന്നുവെങ്കിലും പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും സംശയത്തിന്റെ പേരിൽ പിടികൂടിയ ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം പുറത്തായത്.
https://www.facebook.com/Malayalivartha

























