ജി.എസ്.ടി നിലവലില്‍ വന്നതോടെ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ്ങിനും വിശ്രമത്തിനും നിരക്ക് വര്‍ദ്ധിച്ചു

ചരക്കുസേവന നികുതി വന്നതോടെ റെയില്‍വേ സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ്ങും വിശ്രമവുമടക്കമുള്ള സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിച്ചു. പാര്‍ക്കിങ്ങിന് 18 ശതമാനമാണ് ജി.എസ്.ടി. എ വണ്‍, എ ക്ലാസ് സ്‌റ്റേഷനുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് എട്ടുമണിക്കൂര്‍ വരെ ഒമ്പതുരൂപയായിരുന്നത് 15 ആയി.
ഓട്ടോകള്‍ക്കും നാലുചക്ര വാഹനങ്ങള്‍ക്കും രണ്ടുമണിക്കൂറിന് 20 രൂപയായിരുന്നത് 25ലേക്കും എട്ടുമണിക്കൂര്‍ വരെ 30 രൂപയായിരുന്നത് 40ലേക്കും ഉയര്‍ന്നു. എട്ടുമുതല്‍ 24 മണിക്കൂര്‍ വരെ ഇരുചക്ര വാഹനങ്ങള്‍ക്ക് 13 രൂപയായിരുന്നത് 20ഉം കാറുകള്‍ക്കും ഓട്ടോകള്‍ക്കും 50 രൂപയായിരുന്നത് 60ഉം ആയി വര്‍ധിച്ചു.

ബസ്, മിനി ബസ് എന്നിവക്ക് രണ്ടുമണിക്കൂറിന് 100 രൂപയായിരുന്നത് 120 ആയും എട്ടുമണിക്കൂര്‍ വരെ 200 ആയിരുന്നത് 250 രൂപയായും 24 മണിക്കൂര്‍ വരെ 300 രൂപയായിരുന്നത് 360 രൂപയായും കൂടി. മാസവാടക ഇരുചക്ര വാഹനങ്ങള്‍ക്ക് 300 രൂപയായിരുന്നത് 360 രൂപയായി. പല സ്ഥലത്തും 300 എന്ന നിരക്ക് ഈടാക്കിയിരുന്നില്ല. പഴയ നിരക്കുകള്‍തന്നെ വാങ്ങിയിരുന്ന സ്‌റ്റേഷനുകളില്‍ ഇതോടെ തുക ഇരട്ടിയായി. 
പ്രീമിയം പാര്‍ക്കിങ്ങിന് ഇരുചക്ര വാഹനങ്ങള്‍ക്ക് തിരുവനന്തപുരം സ്‌റ്റേഷനില്‍ രണ്ടുമണിക്കൂര്‍ വരെ 10 രൂപ ആയിരുന്നത് 15ഉം കാറുകള്‍ക്ക് 20 ആയിരുന്നത് 30 ആയും വര്‍ധിച്ചു. രണ്ടുമണിക്കൂര്‍ വരെയുള്ള നിരക്കില്‍ കാര്യമായ മാറ്റമില്ല. മറ്റുസ്‌റ്റേഷനുകളിലും നിരക്കുകളില്‍ മാറ്റം വന്നിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് 12 മണിക്കൂര്‍ വരെ അഞ്ചുരൂപയായിരുന്നത് 10 ആയി. 24 മണിക്കൂര്‍ വരെ 10ല്‍നിന്ന് 15 ആക്കി.

ഓട്ടോകള്‍ക്ക് 12, 24 മണിക്കൂര്‍ വരെ യഥാക്രമം 10 രൂപ, 20 രൂപ എന്നിങ്ങനെയാക്കി. കാറുകള്‍ക്ക് 24 മണിക്കൂര്‍ വരെ 16 രൂപയായിരുന്നത് 25 ആയി. ഒരുമാസത്തേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് 150 രൂപ ആയിരുന്നത് 200 രൂപയായി.
ചില്ലറ പ്രശ്‌നം ഒഴിവാക്കാന്‍ നിരക്കുകള്‍ പലതും ജി.എസ്.ടിയിലേക്ക് മാറ്റിയശേഷം വട്ടമെത്തിച്ചാണ് നിജപ്പെടുത്തിയത്. പ്ലാറ്റ്‌ഫോമുകളിലെ കാത്തിരിപ്പുകേന്ദ്രത്തിലും നിരക്ക് വര്‍ധനയുണ്ട്.

മണിക്കൂറിന് 20 രൂപയായിരുന്നത് 24 രൂപയാക്കി. വരും ദിവസങ്ങളില്‍ ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ക്കും ട്രെയിനുകള്‍ക്കുള്ളിലെ ഭക്ഷണത്തിനും നിരക്ക് വര്‍ധിച്ചേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























