കൊട്ടും കുരവയുമായി ബാറുകള്‍ തുറന്നു!

സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പരിഷ്‌കരിച്ചതിനെ തുടര്‍ന്നു ലൈസന്‍സ് ലഭിച്ച ബാറുകളില്‍ മിക്കതും ഇന്നലെ തുറന്നു. ഇവയിലെല്ലാം തുടക്കംമുതല്‍ തിരക്കായിരുന്നു. പലയിടങ്ങളിലും ഉടമകള്‍ അതിഥികളെ ആഘോഷപൂര്‍വം വരവേറ്റു.
കോട്ടയം മെഡിക്കല്‍ കോളജിനു സമീപം ആദ്യദിവസം ഒരു പെഗിന് ഒന്നു സൗജന്യം നല്‍കി. മുട്ടയും സൗജന്യമായിരുന്നു. ആദ്യമെത്തിയ ചിലര്‍ക്കു ടീ ഷര്‍ട്ട് ലഭിച്ചു. ഇതേസമയം, അപകടങ്ങളുടെ എണ്ണവും വര്‍ധിച്ചു.
മദ്യപിച്ചു വാഹനം ഓടിച്ചതിന് ഗാന്ധിനഗര്‍ പൊലീസ് 10 പേരെ പിടികൂടി കേസെടുത്തു. മദ്യപിച്ചു പൊതുനിരത്തില്‍ ബഹളംവച്ചതിന് എട്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ 11 ബാറുകളും ഇന്നലെത്തന്നെ തുറന്നു.
നേരത്തേയുള്ള അഞ്ചു ബാറുകള്‍ ഉള്‍പ്പെടെ 16 ബാറുകളായി. കൊല്ലം ജില്ലയില്‍ മൂന്നു ബാറുകള്‍ തുറന്നു. ഇതോടെ ജില്ലയിലെ ബാറുകളുടെ എണ്ണം നാലായി. ആലപ്പുഴ ജില്ലയില്‍ തുറക്കേണ്ടിയിരുന്ന രണ്ടു ബാറുകളില്‍ ഒന്നു മാത്രം പ്രവര്‍ത്തനം തുടങ്ങി. ചെങ്ങന്നൂരിലേത് ഇന്നു തുറക്കും. പത്തനംതിട്ട ജില്ലയില്‍ പുതുതായി ഒരു ബാറും തുറന്നിട്ടില്ല.
കൊച്ചിയില്‍ ലൈസന്‍സ് ലഭിച്ച 21 ബാറുകളില്‍ 20 എണ്ണം തുറന്നു. തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒന്‍പതു ബാറുകള്‍ തുറന്നു. ഇപ്പോള്‍ 10 ബാറുകളായി. പാലക്കാട് ജില്ലയില്‍ മുന്‍പു പൂട്ടിയ ആറു ബാറുകളാണു തുറന്നത്. മലപ്പുറത്തു ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന നാലു ഹോട്ടലുകളിലേ ബാര്‍ തുറന്നിട്ടുള്ളൂ.
കോഴിക്കോട് ജില്ലയില്‍ പുതുതായി അഞ്ചു ബാറുകളാണു തുറന്നത്. ഇതോടെ ജില്ലയിലെ ബാര്‍ ഹോട്ടലുകളുടെ എണ്ണം ആറായി. വയനാട്ടില്‍ രണ്ടു ബാറുകള്‍ പുതുതായി തുറന്നു.
കണ്ണൂര്‍ ജില്ലയില്‍ ത്രീ സ്റ്റാര്‍ ലൈസന്‍സുള്ള ഒന്‍പതു ഹോട്ടലുകളില്‍ ഇന്നലെ വിദേശമദ്യശാല പ്രവര്‍ത്തനം തുടങ്ങി. ഒന്‍പതിടത്തും ബീയര്‍-വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാന്‍ അപേക്ഷ നല്‍കിയിരുന്നില്ല.
https://www.facebook.com/Malayalivartha























