രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍ ദിലീപടക്കമുള്ള ആറുപേരെ ഹാജരാകാന്‍ നിര്‍ദ്ദേശം

യുവനടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. താരങ്ങളെ വീട്ടില്‍ പോയി പൊക്കിയാല്‍ ഇമേജിനെ ബാധിക്കുമെന്നതിനാല്‍ ദിലീപ്, നാദിര്‍ഷ, കാവ്യ, കാവ്യയുടെ 'അമ്മ ശ്യാമള തുടങ്ങയവരെയാണ് ഇന്ന് നേരിട്ട് മൊഴിയെടുക്കാന്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്വേഷണസംഘത്തിന് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആറു പേരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദിലീപും നാദിര്‍ഷായും നേരത്തെ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചും ജയിലില്‍ നിന്നുള്ള ഫോണ്‍ കോളുകളെക്കുറിച്ചുമുള്ള മൊഴികളിലാണ് വൈരുദ്ധ്യം കണ്ടെത്തിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദവും പൊലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നു റൂറല്‍ എസ്പി എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ മൊഴി നീണ്ടാല്‍ ഇന്ന് തന്നെ അറസ്റ്റ് ഉണ്ടാകാനും സൂചനയുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും രംഗത്ത് എത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുക്കലും അറസ്റ്റും അന്വേഷണത്തിന്റെ ഭാഗമാണെന്ന് ബെഹ്‌റ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. പൊലീസ് ആസ്ഥാനത്ത് ഞായറാഴ്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ണായക യോഗം ചേര്‍ന്ന ശേഷമാണ് ഈ നീക്കം. ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന െഎജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാന്‍ തീരുമാനിച്ചത്.

മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസില്‍ വഴിത്തിരിവുണ്ടാക്കിയതെന്നാണ് വിവരം. അറസ്റ്റിലായ ഘട്ടത്തില്‍ പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമെന്നു സമ്മതിച്ച പ്രതി സുനില്‍ രണ്ടു മാസം മുന്‍പാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്. ആദ്യഘട്ടത്തില്‍ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍, മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു.

തുടര്‍ന്നു നടി കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. സുനിലിന്റെ മൊഴിയനുസരിച്ചാണിതെന്നു പൊലീസ് സൂചിപ്പിച്ചു. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം 'ജോര്‍ജേട്ടന്‍സ് പൂര' ത്തിന്റെ ലൊക്കേഷനില്‍ സുനില്‍കുമാര്‍ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെ കൂടുതല്‍ നടപടികളിലേക്കു പൊലീസ് നീങ്ങുകയാണ്.
https://www.facebook.com/Malayalivartha























