കോടികള്‍ നല്‍കിയിട്ടും അവരുടെ കണ്ണുകള്‍ നിറഞ്ഞില്ല; ഒടുവില്‍ അവള്‍ക്ക് നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍
ഓമനിച്ചു താലോലിച്ചു വളര്‍ത്തിയ മകളുടെ മൃതദേഹം അവസാനമായി കണ്ട സമയം ആ മാതാപിതാക്കള്‍ അവളുടെ കല്യാണം നടത്തുവാന്‍ തീരുമാനം എടുത്ത നിമിഷത്തെ മനസുകൊണ്ട് ശപിച്ചിരിക്കാം. കാരണം വിവാഹദിനം വര്‍ണ്ണങ്ങള്‍ വാരി വിതറി ഏറെ സന്തോഷത്തോടെ അതിലേറെ സ്വപ്നങ്ങളോടെ ജനിച്ചു വളര്‍ന്ന വീടിന്റെ പടിയിറങ്ങി പോയ മകളുടെ ചേതനയറ്റ ശരീരം തൂവെള്ള തുണിയില്‍ പൊതിഞ്ഞ നിലയില്‍ തിരികെ വീട്ടിലേയ്ക്ക് കൊണ്ടു വന്നപ്പോള്‍ അവര്‍ തങ്ങളെ തന്നെ ശപിച്ചിരിക്കാം.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം വെമ്പായം ഗാന്ധിനഗര്‍ ജാസ്മിന്‍ മന്‍സിലില്‍ റോഷന്റെ ഭാര്യ സല്‍ഷയെ (20) ഭര്‍തൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു ആറ്റിങ്ങല്‍ അവനവഞ്ചേരി ബാഷാ ഡെയ്‌ലില്‍ ഷാനവാസ് – സലീന ദമ്പതികളുടെ മകളായ സല്‍ഷയുടെ വിവാഹം നടന്നത്. ഗള്‍ഫില്‍ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന അഷറഫ് – നസിയത്ത് ദമ്പതികളുടെ മകന്‍ റോഷന്‍ (26)ആയിരുന്നു വരന്‍. മകളുടെ കല്യാണത്തിന് ഷാനവാസ് ഒരു കുറവും വരുത്തിയില്ല സത്യത്തില്‍ നാടിനെ തന്നെ അത്ഭുതപ്പെടുത്തിയ കല്യാണം കഴിഞ്ഞ് 79 നാള്‍ തികഞ്ഞ അന്ന് സല്‍ഷ തന്റെ ഷാളില്‍ ജീവതം തന്നെ അവസാനിപ്പിക്കുകയായിരുന്നു.
വെറും രണ്ടര മാസം തികയാത്ത വൈവാഹിക ജീവിതം അവള്‍ക്ക് ഇതിനുമാത്രം എന്ത് അനുഭവങ്ങളാണ് നല്‍കിയത്. അതിനെ കുറിച്ച് തിരക്കുമ്പോള്‍ ആണ് റോഷന്റെയും ബന്ധുക്കളുടെയും മുഖം മൂടി അഴിഞ്ഞു വീഴുന്നത് എന്ന് സല്‍ഷയുടെ കുടുംബം പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം വെമ്പായം ഗാന്ധിനഗര്‍ ജാസ്മിന്‍ മന്‍സിലില്‍ റോഷന്റെ ഭാര്യ സല്‍ഷയെ (20) ഭര്‍തൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് അവിശ്വനീയതയോടെ മകളുടെ ഭര്‍തൃഗൃഹത്തിലേയ്ക്ക് പാഞ്ഞെത്തിയ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കാണാനായത് സീലിങ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന സല്‍ഷയുടെ ചേതനയറ്റ ശരീരമായിരുന്നു.
സ്ത്രീധനം എന്ന പേരില്‍ കോടികളാണ് ഷാനവാസ് തന്റെ മരുമകന് നല്‍കിയത്. ഒരു കിലോ സ്വര്‍ണ്ണം , ഇന്നോവ കാര്‍, കോടികള്‍ വില മതിക്കുന്ന ഭൂമി ഇവയെല്ലാം നല്‍കിയിട്ടും റോഷന്റെയോ വീട്ടുകാരുടയോ മനസ് നിറഞ്ഞില്ല. മധുവിധുനാളുകള്‍ മായുംമുന്‍പ് റോഷന്റെയും വീട്ടുകാരുടെയും സ്വഭാവത്തില്‍ കാര്യമായ മാറ്റം വന്നു. സല്‍ഷ ചെയ്യുന്നത് എന്തും അവര്‍ക്ക് കുറ്റമായി തോന്നുവാന്‍ തുടങ്ങി. ഭര്‍ത്താവ് മാത്രമല്ല അയാളുടെ മാതാവും സല്‍ഷയെ മാനസികമായി ദ്രോഹിക്കുവാന്‍ തുടങ്ങി. കല്യാണത്തിന് വരന് നല്‍കിയ പോക്കറ്റ് മണി കുറഞ്ഞു പോയി എന്ന പേരിലായിരുന്നു മുഖ്യമായും പീഡനങ്ങള്‍ ആരംഭിച്ചത്.
സുഖ സൌകര്യങ്ങള്‍ കൊണ്ട് നിറഞ്ഞ ആ വീട്ടില്‍ പല ദിവസങ്ങളും സല്‍ഷ പട്ടിണിയില്‍ ആയിരുന്നു. സ്വന്തം വീട്ടില്‍ പോകണമെന്ന ആഗ്രഹത്തിനും റോഷന്‍ വിലക്കേര്‍പ്പെടുത്തി. വീട്ടുകാര്‍ വിഷമിക്കും എന്ന് കരുതി അവള്‍ ആരെയും ഒന്നും അറിയിച്ചില്ല. എന്നിരുന്നാലും തന്റെ അടുത്ത ഒരു കൂട്ടുകാരിയോട് മാത്രം അവള്‍ ചില കാര്യങ്ങള്‍ പങ്കുവെയ്ചിരുന്നു.
പലതവണ സ്വന്തം വീട്ടില്‍ പോകുവാന്‍ ഒരുങ്ങി എങ്കിലും അത്യാഡംബരത്തോടും ആഹ്‌ളാദത്തോടും വിവാഹം നടത്തി ദിവസങ്ങള്‍ പിന്നിടും മുന്‍പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ തിരികെ പോയാല്‍ വീട്ടുകാര്‍ക്ക് അത് വിഷമമാകും എന്ന് കരുതി അവള്‍ അതിനും തയ്യാറായില്ല. എന്നിരുന്നാലും പീഡനങ്ങള്‍ സഹിക്കാന്‍ പറ്റുന്നതിനുമപ്പുറമായപ്പോള്‍ സല്‍ഷ സഹോദരനെ വിളിച്ചു തന്നെ വിളിച്ചുകൊണ്ട് പോകുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനായി എത്തുന്നതിനു മുന്‍പ് തന്നെ സല്‍ഷയുടെ വീട്ടുകാര്‍ അറിയുന്നത് അവള്‍ ആത്മഹത്യ ചെയ്തു എന്നാണ്.
ടോപ്പും പാന്റും ധരിച്ച് കട്ടിലില്‍ കാല്‍പാദം മുട്ടി നില്‍ക്കുന്ന നിലയിലായിരുന്നു സല്‍ഷയുടെ മൃതദേഹം. ഒറ്റനോട്ടത്തില്‍ ആത്മഹത്യയെന്ന് തോന്നും വിധത്തിലാണ് മൃതദേഹം കാണപ്പെട്ടതെങ്കിലും വീട്ടുകാരും നാട്ടുകാരും സംശയം ഉന്നയിച്ച സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പൊലീസ്.എന്നാല്‍ തങ്ങളുടെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സല്‍ഷയുടെ മാതാപിതാക്കള്‍. അവളെ ആരെങ്കിലും അപായപ്പെടുത്തിയതോ ശാരീരികമാനസിക പീഡനം സഹിക്കാനാകാതെ മരണംവരിച്ചതോ ആകാമെന്നാണ് അവരുടെ നിഗമനം.
ആത്മഹത്യാക്കുറിപ്പോ ജീവനൊടുക്കുന്നതിന്റെ സൂചനകളോ മാതാപിതാക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ നല്‍കാതെ സല്‍ഷ മരണത്തിന്റെ വഴി തിരഞ്ഞെടുത്തതെന്തിനെന്ന ചോദ്യമാണ് ദുരന്തത്തില്‍ വിറങ്ങലിച്ച് കഴിയുന്ന ഉറ്റബന്ധുക്കളുടെ ഉള്ളിലുയരുന്നത്. അതുപോലെ മരണം നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ റോഷന്‍ വിദേശത്തേയ്ക്ക് കടക്കുവാന്‍ ശ്രമിച്ചതും സംശയങ്ങള്‍ക്ക് ഇടയാക്കുന്നു.
https://www.facebook.com/Malayalivartha