മോദി പേടി; നേതാക്കളെല്ലാം മോദിക്ക് പിന്നാലെ

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കി ക്വാറികള്‍ അടച്ചു പൂട്ടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ മുതല്‍ ഭാര്യയുടെ ദുരൂഹ മരണം അന്വേഷിക്കുമെന്ന് ഭയപ്പെടുന്നവര്‍ വരെ മോദിയുടെ ആരാധകരായി മാറുന്ന അപൂര്‍വ്വ കാഴ്‌ച കാണണമെങ്കില്‍ കേരളത്തിലേക്ക് വരണം. മുന്‍ കേന്ദ്ര മന്ത്രിമാരായ ഇ അഹമ്മദ്, ശശി തരൂര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് തുടങ്ങിയവര്‍ മോദിയെ അനുകൂലിച്ച് രംഗത്തെത്തി. ലീഗിന്റെ മുഖപത്രം കോണ്‍ഗ്രസിനെതിരെ മുഖപ്രസംഗം എഴുതി. മറുപടി പ്രസംഗവുമായി കോണ്‍ഗ്രസ് പത്രവും രംഗത്തെത്തി. ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് പി സി ജോര്‍ജും ലേഖനമെഴുതി. ശശിതരൂരാകട്ടെ മോദിയുടെ തുറന്ന മനസ്സിനെ വാനോളം പുകഴ്‌ത്തി. ഇതിനെല്ലാം അടിസ്ഥാനം ഒന്നു മാത്രം; മോദി പേടി.
ലീഗിന്റെ നേതൃത്വത്തില്‍ വന്‍ ഇടപാടുകളാണ് കഴിഞ്ഞ 10 കൊല്ലം കേന്ദ്രത്തില്‍ നടന്നത്. കേന്ദ്രമന്ത്രിയായിരുന്ന ഇ അഹമ്മദാണ് തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത്. ഹജ്ജ് യാത്രയിലും പാസ്‌പോര്‍ട്ടിലും കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത്. നിലവാരം കുറഞ്ഞ ഒരു ഉദ്യോഗസ്ഥനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ച് ഇ അഹമ്മദ് വിവാദമുണ്ടാക്കിയിരുന്നു. പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്ന കാര്യങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഹജ്ജ് ക്വാട്ടാ വീതിച്ചു നല്‍കിയതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെക്കുറിച്ചും യാതൊരുവിധ അന്വേഷണവും നടന്നില്ല.
ശശിതരൂര്‍ സുനന്ദ പുഷ്‌കറിന്റെ മരണം അന്വേഷണ വിധേയമാകുമോ എന്ന് ഭയപ്പെട്ട് നടക്കുകയാണ്. ബി ജെ പി സംസ്ഥാന നേതൃത്വം ശശിതരൂരിനെതിരെ സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മോദിയുമായി ഏറ്റുമുട്ടിയ തരൂര്‍ മോദിയുടെ നോട്ടപ്പുള്ളിയുമാണ്.
കഷ്‌ടകാല സമയത്ത് കോണ്‍ഗ്രസിനെ എല്ലാവരും കൈവിട്ടു. കോണ്‍ഗ്രസിന്റെ നേതൃത്വമാണ് പരാജയ കാരണമെന്ന ആരോപണവുമായി ചന്ദ്രിക രംഗത്തെത്തിയത് കേരളത്തില്‍ ചര്‍ച്ചയായി. ഓതിക്കനെ ഓത്ത് പഠിപ്പിക്കരുതെന്ന മറു മുഖപ്രസംഗവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും രംഗത്തെത്തി. ഗ്യാലറിയിലിരുന്ന് ഉപദ്രവിക്കരുത് എന്നാണ് വീക്ഷണം ലീഗിന് നല്‍കുന്ന ശാസന.
ലേഖന വിവാദത്തില്‍ പി സി ജോര്‍ജും പിന്നിലല്ലെന്ന് തെളിയിച്ചു. ആശ്രിതരായ ആള്‍ക്കൂട്ടങ്ങളുടെ കോണ്‍ഫഡറേഷനാണ് കോണ്‍ഗ്രസ് എന്ന് 'മംഗളം' ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പി സി ജോര്‍ജ് പരിഹസിക്കുന്നു. കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി ജോര്‍ജിന്റെ വീക്ഷണങ്ങളോട് യോജിക്കാനിടയില്ല. കോണ്‍ഗ്രസിന്റെ കൂട്ടായ പരിശ്രമം ജോസ് കെ മാണിയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.
ഫലത്തില്‍ വീരാരാധനയാണ് മോദി പ്രണയത്തിന് പിന്നിലുള്ളത്.വിജയം വന്നപ്പോള്‍ മാത്രം തനിക്ക് പിന്നില്‍ അണിനിരക്കുന്നവരെ മോദി മനസ്സിലാക്കിയാല്‍ നന്ന്. ഇല്ലെങ്കില്‍ ഒരുപക്ഷേ ആശ്രിതരായ ആള്‍ക്കൂട്ടങ്ങള്‍ മോദിയേയും കുഴപ്പത്തിലാക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha