എച്ച് എം ടി ഭൂമി തട്ടിപ്പിന്റെ ഫയല്‍ മുങ്ങി; സി പി എമ്മിന് ലീഗിന്റെ സഹായഹസ്‌തം

ഇടതു സര്‍ക്കാരിന്റെ കാലത്ത് നടന്ന പ്രമാദമായ കൊച്ചി എച്ച് എം ടി ഭൂമി തട്ടിപ്പു കേസിന്റെ നിര്‍ണായക ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും കാണാതായി. അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ആരോപണം ഉയര്‍ന്ന ഇടപാടാണ് എച് എം ടി ഭൂമിതട്ടിപ്പ്. ലീഗുമായി അടുപ്പം പുലര്‍ത്തുന്ന മന്ത്രിയാണ് എളമരം കരീം. മുംബൈയിലെ ബ്ലൂസ്റ്റാര്‍ റിയലറ്റേഴ്‌സിന് 91 കോടി രൂപയ്‌ക്കാണ് കൊച്ചിയിലെ കണ്ണായ 70 ഏക്കര്‍ സ്ഥലം വിറ്റത്. 2006 ലായിരുന്നു ഇടപാട് നടന്നത്. സൈബര്‍ സിറ്റിക്ക് വേണ്ടിയാണ് സ്ഥലം കൈമാറിയത്. 60,000 തൊഴില്‍ അവസരങ്ങളായിരുന്നു ലക്ഷ്യം. 2000 കോടി മുതല്‍മുടക്ക് വരുമെന്നായിരുന്നു പ്രചരണം. ഫയലുകള്‍ കാണാനില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരമുള്ള കത്തില്‍ പറയുന്നു.
വ്യവസായ വകുപ്പാണ് ഭൂമി ഇടപാടിന്റെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. സൈബര്‍ സിറ്റി യാഥാര്‍ത്ഥ്യമായില്ലെന്ന് മാത്രമല്ല പതിച്ചു കിട്ടിയ ഭൂമി തുണ്ടം തുണ്ടമായി വില്‍ക്കാനും കമ്പനി തീരുമാനിച്ചു. എളമരം കരീമിന്റെ പദ്ധതി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ബ്ലൂസ്റ്റാര്‍ റിയലറ്റേഴ്‌സ് കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നതോടെ പുതിയ ചരടുവലികള്‍ ആരംഭിച്ചിരുന്നു. ഫയലിന്റെ വിശദാംശങ്ങള്‍ സെക്രട്ടേറിയറ്റില്‍ ലഭ്യമല്ല. സെക്രട്ടേറിയറ്റില്‍ ഒരു ഫയല്‍ എങ്ങോട്ടു പോയാലും അത്തരം കാര്യങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ എച്ച് എം ടി ഫയലിന്റെ വിവരം മാത്രം ലഭ്യമല്ല. ഇതിനര്‍ത്ഥം ആരോ ഫയല്‍ തന്ത്രപൂര്‍വം ഒഴിവാക്കി എന്നാണ്.
സര്‍ക്കാരുകള്‍ മാറി വന്നാലും ഭരണത്തിന് രാഷ്‌ടീയ കക്ഷിഭേദമില്ല. ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ് സെക്രട്ടേറിയറ്റില്‍ പ്രമാണിത്തം. സെക്രട്ടേറിയറ്റ് ഭരിക്കുന്നതാകട്ടെ ഇടതുപക്ഷ സഹയാത്രികരായ ജീവനക്കാരും. 60.000 കോടി ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി പേരിനു പോലും നടന്നില്ലെന്നാണ് ആരോപണം.
വന്‍കിട കമ്പനികള്‍ സംസ്ഥാനത്ത് പദ്ധതികളുമായി എത്തുമ്പോള്‍ സംസ്ഥാനത്തെ ഭൂമിയാണ് ലക്ഷ്യം. സ്‌മാര്‍ട്ട് സിറ്റിയുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. വിദേശസര്‍ക്കാര്‍ ലേബലിലെത്തുന്ന സ്വകാര്യ കമ്പനികള്‍ കോടികള്‍ കടത്തുമ്പോഴായിരിക്കും ഭരണാധികാരികള്‍ വിവരമറിയുക. ജോയ് കൈതാരമാണ് വിവരാവകാശ നിയമ പ്രകാരം ഫയലിന്റെ വിശദാംശങ്ങള്‍ തേടിയത്. ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഇതുവരേയും അനക്കമില്ല. ചക്കിട്ടപ്പാറ ഖനനം അന്വേഷിക്കാനുള്ള ഉത്തരവിന്റെ വിധി തന്നെ ഇതിനും വരാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha