ആറന്മുള വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി

ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അതേസമയം, കെ.ജി.എസ് ഗ്രൂപ്പ് അനുകൂല വിധിയുമായി വന്നാല്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുകൂല വിധി സമ്പാദിക്കേണ്ടത് കെജിഎസിന്റെ ചുമതലയാണ്. കോടതിയില്‍ നിന്നും അനുകൂല വിധി നേടിയാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ എല്ലാ വശങ്ങളും നോക്കി മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബുധനാഴ്ചയാണ് ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ചെന്നൈ ഹരിതട്രൈബ്യൂണല്‍ റദ്ദാക്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആറന്മുള പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതിയാണ് കോടതി റദ്ദാക്കിയത്. പാരിസ്ഥിതിക അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു.
കൂടാതെ പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ ഇന്ത്യാ ലിമിറ്റഡിന് അതിനുള്ള യോഗ്യതയില്ലെന്നും ആറന്മുളയിലെ പ്രദേശവാസികള്‍ക്കിടയില്‍ പദ്ധതി സംബന്ധിച്ച് കൃത്യമായ ആശയവിനിമയം നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. പദ്ധതിക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം 2013 നവംബര്‍ 18നാണ് അനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha