ഭൂമികൈയേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരേ തോമസ് ചാണ്ടി ഹൈക്കോടതിയിൽ

ഭൂമികൈയേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിൽ. ജില്ലാ കളക്ടർ അധികാര ദുർവിനിയോഗം നടത്തിയെന്നു കുറ്റപ്പെടുത്തിയാണ് തോമസ് ചാണ്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. കളക്ടറുടെ റിപ്പോർട്ട് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും മാധ്യമങ്ങൾവഴി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ചാണ്ടി ഹർജിയിൽ ആരോപിക്കുന്നു.
തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ കായൽ കൈയേറ്റം സ്ഥിരീകരിച്ചാണ് ജില്ലാ കളക്ടർ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. മാർത്താണ്ഡം കായൽ മണ്ണിട്ടു നികത്തി പാർക്കിംഗ് പ്രദേശമാക്കിയെന്നും പൊതുവഴി കൈയേറി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ലയിപ്പിച്ചെന്നും ടി.വി. അനുപമ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നെൽവയൽ- തണ്ണീർത്തട നിയമം ലംഘിച്ചതടക്കം കടുത്ത നിയമ ലംഘനങ്ങളാണു മന്ത്രി നടത്തിയത്. നെൽവയൽ- തണ്ണീർത്തട നിയമം ലംഘിച്ചാൽ കേസെടുക്കാനാകും. മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും റിപ്പോർട്ടിലുണ്ട്.
കായൽ കൈയേറ്റക്കേസിൽ മന്ത്രി തോമസ് ചാണ്ടിക്കു പ്രത്യേക പരിഗണനയുണ്ടോയെന്നു ചോദിച്ചു സർക്കാരിനുനേരെ ഹൈക്കോടതി രൂക്ഷവിമർശനമുയർത്തിയിരുന്നു. സാധാരണക്കാരന്റെ കൈയേറ്റമായിരുന്നെങ്കിൽ വേഗം നടപടിയുണ്ടാകുമായിരുന്നില്ലേയെന്നും റോഡരികിൽ താമസിക്കുന്നവരാണെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുമായിരുന്നില്ലേയെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
https://www.facebook.com/Malayalivartha

























