ജഡ്ജിയും പൊലീസും ചേര്‍ന്ന് രോഗിയും കുഞ്ഞുങ്ങളുമുള്ള കുടുംബത്തെ മാനസികമായി പീഡിപ്പിച്ചു

നീതിയുടെ കാവലാളായ ജഡ്ജിതന്നെ വില്ലനായി. പിഞ്ചുകുഞ്ഞടക്കമുള്ള ആറംഗ കുടുംബത്തെ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറ് മണിക്കൂര്‍ തടഞ്ഞുവെച്ചു. ഒടുവില്‍ പെറ്റിക്കേസ് പോലും എടുക്കാതെ വിട്ടയച്ചു. പാലക്കാട് സ്വദേശിയായ നിധിനും കുടുംബത്തിനുമാണ് ജഡ്ജിയുടെ അഹങ്കാരം കാരണം പൊലീസിന്റെ മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നത്. നിധിനും വൃക്കരോഗിയായ പിതാവും മാതാവ് ലിസിയും ഭാര്യ അഞ്ജുവും സഹോദരി നീതുവും രണ്ട് വയസുകാരി ജോവാനയും പാലക്കാട് നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനിടെ ഇവരുടെ കാറില്‍ ജഡ്ജിയുടെ കാര്‍ ഉരസിയിരുന്നു. ഇടത് വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു ഇത്. കാറിന്റെ കണ്ണാടിയില്‍ ഇടിച്ചെന്നും നിധിന്‍ പറഞ്ഞു. ജഡിജിയുടെ വാഹനം നിര്‍ത്താതെ പോയി. അടുത്ത ട്രാഫിക് സിഗ്നലില്‍ വെച്ച് നിധിനും ദൃക്‌സാക്ഷികളായ സ്വകാര്യബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും ഇതേക്കുറിച്ച് ചോദിച്ചു. അതോടെ ജഡ്ജിയുടെ ഡ്രൈവര്‍ നിധിനെയും വീട്ടുകാരെയും അധിഷേപിച്ച ശേഷം പോയി. ഇത്രയും സംഭവങ്ങളുണ്ടായിട്ടും ജഡ്ജി കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല.
നിധിന്‍ കുടുംബവുമായി എറണാകുളത്തേക്ക് തിരിച്ചു. ആലുവയില്‍ വച്ച് ട്രാഫിക് പൊലീസ് വണ്ടി തടഞ്ഞു. കുടുംബത്തെ ഉള്‍പ്പെടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വാഹത്തിന്റെ രേഖകളുടെ ഫോട്ടോ കോപ്പി വാങ്ങിയ ശേഷം തൃശൂര്‍ ചാലക്കുടി സ്റ്റേഷനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. അവിടെ സി.ഐയെ കാണാന്‍ ചെന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ഇതിനിടെ വൃക്കരോഗിയായ തോമസ് അവശനായി. പിന്നീട് എസ്.ഐയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം എ.എസ്.ഐയെ കണ്ടപ്പോള്‍ കൊരട്ടി സ്‌റ്റേഷനില്‍ പോകാന്‍ പറഞ്ഞു. രാവിലെ മുതല്‍ വൈകുന്നേരം അഞ്ച് വരെ കൊരട്ടി സ്റ്റേഷനില്‍ ഇരുത്തിയ ശേഷം പെറ്റിക്കേസ് പോലും എടുക്കാതെ പൊലീസ് വിട്ടയച്ചു. എന്തിനാണ് തടഞ്ഞ് വെച്ചതെന്നും എന്താണ് കേസെന്നും ചോദിച്ചപ്പോള്‍ തടഞ്ഞ് വെയ്ക്കാനാണ് ജഡ്ജി നിര്‍ദ്ദേശിച്ചതെന്നും ഇപ്പോള്‍ വിട്ടയയ്ക്കാന്‍ പറഞ്ഞെന്നുമാണ് പൊലീസുകാര്‍ മറുപടി നല്‍കിയത്.
ജഡ്ജിയുടെ വാഹനത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന് ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് ആലുവ ട്രാഫിക് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും കാര്‍ പിടിച്ചെടുക്കാന്‍ ചാലക്കുടി പൊലീസിനും നിര്‍ദ്ദേശം നല്‍കിയിരുന്നു അതുകൊണ്ടാണ് അവിടേക്ക് പറഞ്ഞയച്ചത്. താക്കീത് നല്‍കി വിട്ടയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് വിട്ടയച്ചതെന്ന് കൊരട്ടി പൊലീസും പറയുന്നു. സംഭവം ചാനലുകളിലൂടെ പുറത്തായതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജഡ്ജിയുടെ പേര് പോലും വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha


























