മതിയായ രേഖകളില്ലാതെ കുഴല്‍ രൂപത്തിലുള്ള തുണി സഞ്ചിയില്‍ അരയില്‍ സൂക്ഷിച്ച് കൊണ്ടുവന്ന 27 ലക്ഷം രൂപയുമായി യുവാവിനെ ചങ്ങനാശേരി പോലീസ് പിടികൂടി

മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 27 ലക്ഷം രൂപയുമായി യുവാവിനെ ചങ്ങനാശേരി പോലീസ് പിടികൂടി. കുഴല്‍ രൂപത്തിലുള്ള തുണി സഞ്ചിയില്‍ അരയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണു പണം കണ്ടെത്തിയത്. ഇതിനു മുകളില്‍ ജീന്‍സും ധരിച്ചിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകളാണു പിടിച്ചെടുത്തത്. ചങ്ങനാശേരി പുതൂര്‍പള്ളി മുട്ടംപറമ്പ് കബീര്‍ റഹ്മാനാ(30)ണ് പണവുമായി പിടിയിലായത്. രേഖകളില്ലാത്ത പണത്തിന്റെ ഉറവിടം കാണിക്കണമെന്നാവശ്യപ്പെട്ട്‌നോട്ടീസ് നല്‍കി ഇയാളെ വിട്ടയച്ചു.
ചങ്ങനാശേരിയിലെയും കോട്ടയത്തെയും കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏജന്റാണു കബീര്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഏറ്റുമാനൂര്‍ സ്വദേശിയായ ഒരാള്‍ക്കു കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ പണം കൈമാറിയതായി സൂചനയുണ്ട്. ഒരു മാസം രണ്ടും മൂന്നും തവണ ഇയാള്‍ ചെെന്നെയില്‍ പോയി പണം ശേഖരിച്ചു മടങ്ങാറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ചങ്ങനാശേരിയിലേക്കു ട്രെയിന്‍ മാര്‍ഗം അനധികൃതമായി പണം വരുന്നതായി ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസമായി പോലീസ് നടത്തിയ നിരീക്ഷണത്തിന്റെ ഫലമായാണ് ഇയാളെ പിടികൂടിയത്. പിടിച്ചെടുത്തപണം കോടതിയില്‍ ഹാജരാക്കും. കേസിന്റെ വിശദമായ റിപ്പോര്‍ട്ട് ആദായ നികുതി വകുപ്പിനുംകൈമാറും.
പണത്തിന്റെ ഉറവിടം അന്വേഷിച്ചു വരുന്നതായി ചങ്ങനാശേരി ഡിെവെ.എസ്.പി: ആര്‍. ശ്രീകുമാര്‍ പറഞ്ഞു. സി.ഐ: കെ.സി. വിനോദ്, ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, അന്‍സാരി, മണികണ്ഠന്‍, പ്രദീപ് ലാല്‍, പ്രതീഷ് രാജ്, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനില്‍നിന്നു പിടികൂടിയത്.

https://www.facebook.com/Malayalivartha

























