സസ്‌പെന്‍ഷനെ നടപടിയായി കാണുന്നില്ല... സര്‍ക്കാരിന് കൂടെ കൂട്ടാന്‍ കഴിയാത്ത ആളായതിനാലാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ജേക്കബ് തോമസ്

സര്‍ക്കാരിന് കൂടെ കൂട്ടാന്‍ കഴിയാത്ത ആളായതിനാലാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ജേക്കബ് തോമസ്. തനിക്ക് ലഭിച്ച സസ്‌പെന്‍ഷനെ ഒരു നടപടിയായി കാണുന്നില്ലെന്നും അദ്ദേഹം പ്രമുഖ ചാനലിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഐ.എം.ജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന ജേക്കബ് തോമസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെ പിണറായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത് .കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍ ഓഖിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
സംസ്ഥാനത്ത് നിയമവാഴ്ച തകരാറിലായെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിന് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുണ്ടെന്നും പറഞ്ഞ ജേക്ബ് തോമസ് അഴിമതി വിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണെന്നും 51 വെട്ടു വെട്ടിയില്ലെങ്കിലും നിശബ്ദരാക്കുമെന്നും പറഞ്ഞിരുന്നു. ഇത് സര്‍ക്കാരിനെതിരാ വിമര്‍ശനമായി മാറി. പെട്ടെന്നുള്ള നടപടിയ്ക്ക് ഇതൊരു കാരണമായെന്നും കരുതാം.
കേരളത്തിലെ അഴിമതി പൂര്‍ണമായും തുടച്ചു നീക്കിയതിനാലാണ് ഇപ്പോള്‍ കേസുകള്‍ കുറയുന്നതെന്നും പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പരിഹസിച്ചു. ഇത് വകുപ്പിന്റെ വീഴ്ചയായി കാണാന്‍ സാധിക്കില്ലെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് വെറും 22 വിജിലന്‍സ് കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജേക്കബ് തോമസിന്റെ പരിഹാസം.
https://www.facebook.com/Malayalivartha


























