രണ്ടുവര്‍ഷം മുന്‍പ് കാണാതായ അമ്മയെ മക്കൾ കണ്ടെത്തിയത് ഇങ്ങനെ...

വയസായ അമ്മമാരെ വൃദ്ധസദനങ്ങളിൽ തള്ളുന്ന മക്കൾ ഈ വാർത്ത കണ്ടു തലകുനിക്കണം. കാണാതായ അമ്മയെ ഈ മക്കൾ അന്വേഷിച്ചു നടന്നത് രണ്ടുവർഷം. ഒടുവിൽ സ്വകാര്യ ചാനലിൽ അമ്മയുടെ മുഖം തിരിച്ചറിഞ്ഞ മക്കൾ ഒട്ടും താമസിയാതെ അവിടെ ഓടിയെത്തി.
2015 സെപ്റ്റംബര്‍ 30-നാണ് മകളുടെ മാവേലിക്കരയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ കൊല്ലം പന്മന മുല്ലശ്ശേരി ശാന്താലയത്തില്‍ അമ്മയായ 76കാരി ശാന്തമ്മയെ കാണാതാകുന്നത്. അമ്മയെ ഏറെ അന്വേഷിച്ചിട്ടും കാണാതായ മക്കൾ ചവറ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസിന്റെ അന്വേഷണത്തിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
അമ്മയെ കാണാതായി രണ്ടുവർഷം കഴിഞ്ഞ് വളരെ യാദൃച്ഛികമായാണ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിലെ ക്രിസ്മസ് ആഘോഷം മകന്‍ ബാഹുലേയന്‍ കാണുന്നതും അമ്മയെ തിരിച്ചറിയുന്നതും. തുടര്‍ന്ന് സ്നേഹഭവന്‍ അധികൃതരുമായി ബന്ധപ്പെട്ട് അമ്മയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ചാനലിന്റെ അധികാരികളില്‍നിന്ന് സ്നേഹഭവനെപ്പറ്റി മനസ്സിലാക്കി. പിന്നീട് ഗ്രാമപ്പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്തുമായി ബന്ധപ്പെട്ട് ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ താത്പര്യം അറിയിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച പോലീസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ മക്കളും ബന്ധുക്കളും ചേര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
മക്കളെ കണ്ട അമ്മ അവരെ ചേര്‍ത്തുപിടിച്ച് തുരുതുരെ ഉമ്മ നല്‍കിയത് കണ്ടുനിന്നവരുടെ കണ്ണുകള്‍ നനയിച്ചു. മകളുടെ വീട്ടിലേക്കുള്ള യാത്രയില്‍ വഴിതെറ്റിയ പരിഭ്രമത്തില്‍ മനോനില തെറ്റിയ ഇവരെ ആരൊക്കെയോ ചേര്‍ന്ന് ആദ്യം മാവേലിക്കരയിലെ കല്ലുമ്മേല്‍ ദയാഭവന്‍ അഗതിമന്ദിരത്തിലാക്കി. അവിടെ ചികിത്സയിലായിരുന്നു. അഞ്ചുമാസം മുന്‍പാണ് തലവടിയിലെ സ്നേഹഭവനിലെത്തിച്ചത്.ഗ്രാമപ്പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, സ്നേഹഭവന്‍ ട്രസ്റ്റി ജോണിക്കുട്ടി തുരുത്തേല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മക്കളായ ബാഹുലേയന്‍, ലക്ഷ്മി, സഹോദരന്‍ വിശ്വംഭരന്‍ എന്നിവര്‍ ചേര്‍ന്ന് ശാന്തമ്മയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
https://www.facebook.com/Malayalivartha


























