സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം പ്രാബല്യത്തില്‍

പുതുവര്‍ഷത്തില്‍ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം പ്രാബല്യത്തില്‍ വന്നു. രാവിലെ എത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ പഞ്ച് ചെയ്ത ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. പഞ്ചിങ് സംവിധാനത്തെ ശമ്പള സോഫ്റ്റ് വെയറുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളം നഷ്ടമാകുന്ന രീതിയിലാണ് പുതിയ സംവിധാനം നടപ്പാക്കിയിട്ടുള്ളത്.
പുതിയ പഞ്ചിങ് സംവിധാനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ആശങ്കയുണ്ട്. ശമ്പളം നഷ്ടമാകുമെന്ന തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്തു പ്രശ്‌നങ്ങളുണ്ടെങ്കിലും പുതിയ സംവിധാനവുമായി മുന്നോട്ടു പോകുവാനാണ് സര്‍ക്കാര്‍ തീരുമാനം.
20 വര്‍ഷമായി പല തരത്തിലുള്ള പഞ്ചിങ് സംവിധാനം സെക്രട്ടേറിയറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പൂര്‍ണ വിജയമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശമ്പള സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
അതേസമയം, മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനും പഞ്ചിങ് നിര്‍ബന്ധമാക്കണമെന്ന അഭിപ്രായത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പേഴ്‌സനല്‍ സ്റ്റാഫിന് പഞ്ചിങ് ബാധകമാക്കുന്നത് പ്രായോഗികമാണോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. രാവിലെ ഓഫിസിലെത്തുന്ന പേഴ്‌സനല്‍ സ്റ്റാഫുമാര്‍ വൈകിയാണ് മടങ്ങുന്നത്. ഇതിനൊപ്പം മന്ത്രിക്കൊപ്പം മണ്ഡലങ്ങളിലും പൊതുപരിപാടികളിലും അനുഗമിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha


























