സംസ്ഥാനത്തെ ഞെട്ടിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈന്‍ പണത്തട്ടിപ്പ്... കേരളത്തിൽ നിന്നും മുങ്ങാൻ പ്ലാനിട്ട അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന കണ്ണിയായ തട്ടിപ്പുവീരനെ പോലീസ് കുടുക്കിയത് നാടകീയമായി.. സംഭവം പന്തളത്ത്...

സംസ്ഥാനത്തെ ഞെട്ടിച്ച് ഡോക്ടറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈന്‍ പണത്തട്ടിപ്പ് സംഘം 39,000 രൂപ അടിച്ചുമാറ്റിയ കേസില്‍ പോലീസ് പ്രതികളില്‍ ഒരാളെ കുടുക്കിയത് തികച്ചും നാടകീയമായി. എ.ടി.എം. കാര്‍ഡിന്റെ പിന്‍നമ്പര്‍, സി.സി.വി നമ്പര്‍, ഒറ്റത്തവണ പാസ്‌വേര്‍ഡ് എന്നിവ കൈക്കലാക്കി തട്ടിപ്പു നടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന കണ്ണി ഡല്‍ഹി ഉത്തംനഗറില്‍ താമസമാക്കിയ ഹിമാചല്‍ സ്വദേശി ആശിഷ് ദിമാനെ(29) ആണ് അടൂര്‍ ഡിെവെ.എസ്.പി: ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം പിടികൂടിയത്.
ആദ്യം ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ച് പണം എടുക്കാന്‍ കഴിയാത്ത രീതിയിലാക്കി. പിന്നീട് തട്ടിപ്പുവീരന്‍ ബാങ്കില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അക്കൗണ്ടില്‍ ചില നവീകരണം ഉണ്ടെന്ന് പറഞ്ഞു. ഇടപാടുകാരന്‍ ബാങ്കില്‍ എത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെ സങ്കേതത്തിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നതിന്റെ തലേന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ അക്കൗണ്ടിലേക്ക് ഒറ്റ മാസം കൊണ്ട് അഞ്ചേ മുക്കാല്‍ ലക്ഷംരൂപ എത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പന്തളം സി.എം. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. പ്രേം കൃഷ്ണന്റെ അക്കൗണ്ടില്‍നിന്ന് 39,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത് ആലുവയില്‍ നിന്നായിരുന്നു.
കഴിഞ്ഞ 11 നാണ് ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നും ആശിഷിന്റെ സംഘം പണം പിന്‍വലിച്ചത്. നിലവിലുള്ള എ.ടി.എം കാര്‍ഡിന് പകരം മൈക്രോചിപ്പ് ഘടിപ്പിച്ച കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇടപാടിനാവശ്യമായ നമ്പരുകള്‍ മുഴുവന്‍ മനസിലാക്കിയ ശേഷം അത് ഉപയോഗിച്ച് പ്രതിയുടെ പേ ടി.എം വാലറ്റിലേക്ക് പണം നിക്ഷേപിക്കുകയാണ് ചെയ്തത്. പിന്നീട് ഇത് വാലറ്റില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം പിന്‍വലിക്കും.
ഡിസംബര്‍ 18 ന് കേരളത്തിലെത്തിയ ആശിഷ് ദിമാന്‍ ആലുവ ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ മുഴുവന്‍ നല്‍കിയാണ് അക്കൗണ്ട് തുടങ്ങിയത്. ഡോ. പ്രേം കൃഷ്ണന് വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ആലുവ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്ന വിവരം ലഭിച്ചു. ബാങ്ക് മാനേജരുമായി സംസാരിച്ച് അക്കൗണ്ട് മരവിപ്പിക്കുകയാണ് പോലീസ് ആദ്യം ചെയ്തത്. പണമെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇയാള്‍ ബാങ്കുമായി ബന്ധപ്പെട്ടു. അക്കൗണ്ടില്‍ ചെറിയ തിരുത്തലുകള്‍ വരുത്താനുണ്ടെന്നും അതു കൊണ്ടാണ് പണമിടപാട് നടക്കാത്തതെന്നും അധികൃതര്‍ അറിയിച്ചതോടെ ആശിഷ് ബാങ്കിലെത്തിപ്പോള്‍ പോലീസ് അറസ്ററ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























