വസ്തുതര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധയെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ബന്ധുക്കള്‍

ശാസ്താംകോട്ട: വസ്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ വൃദ്ധയുടെ തല അടിച്ചുപൊട്ടിച്ചു. പോരുവഴി അമ്പലത്തുംഭാഗം ചിറത്താഴത്ത് ആശാഭവനത്തില്‍ സാവിത്രി്ക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ഒമ്പതിന് രാത്രി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സഹോദരനും മുന്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായ ചിറത്താഴത്ത് രാഘവനും, പിതൃസഹോദരന്‍ കണിയാശ്ശേരില്‍ ബാബുവും, മരുമകന്‍ സുഗതനും കൂടി നേതൃത്വം നല്‍കിയാണ് സാവിത്രിയെ മര്‍ദിച്ച് അവശയാക്കുകയും തല അടച്ചുപൊട്ടിക്കുകയും ചെയ്തതെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ കുടുംബവഴക്കാണ് അക്രമത്തില്‍ കലാശിച്ചത്. ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ കിടന്നുറങ്ങാനാകാത്ത സാഹചര്യമാണ് ഇവര്‍ക്കുള്ളത്. ഇതുസംബന്ധിച്ച് ശൂരനാട് പോലീസില്‍ മുന്‍പ് പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് രാത്രി വീട് കയറി അക്രമിക്കുകയും സാധനസാമഗ്രികള്‍ വാരിവലിച്ച് വെളിയില്‍ ഇടുകയും സാവിത്രിയെ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തത്.
തലയ്ക്ക് സാരമായി പരിക്കേറ്റ സാവിത്രിയെ ബന്ധുക്കള്‍ ശാസ്താംകോട്ട താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് എട്ട് തുന്നല്‍ വേണ്ടിവന്നു.ശൂരനാട് പൊലീസ് കേസ് അന്വേഷിക്കുകയോ പരിക്കേറ്റ സാവിത്രിയുടെ മൊഴി എടുക്കുവാന്‍ പോലും തയ്യാറായിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























