ജയിൽ ജീവിതം കൊണ്ടെത്തിച്ചത് മാനസാന്തരത്തിലേക്ക്... അന്നെടുത്ത തീരുമാനമാണ് ഒരു ജീവനെടുത്തതിനു പകരം മറ്റൊരാള്‍ക്കു ജീവിതം നല്‍കാന്‍.. ഇപ്പോൾ സുകുമാരന്‍ ദൈവദൂതനായി പ്രിന്‍സിക്ക് മുന്നിൽ...

പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പുള്ളിത്തടത്തില്‍ വീട്ടില്‍ പി. സുകുമാരന്റെ തടവിലെ മാനസാന്തരം കൊല്ലം വടക്കേവിള പ്രിന്‍സി കോട്ടേജില്‍ പ്രിന്‍സി തങ്കച്ച(20)നു പുനര്‍ജന്മമാകും. വൃക്കകള്‍ തകരാറിലായി ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്ന പ്രിന്‍സിക്കു മുന്നിലാണു സുകുമാരന്‍ ദൈവദൂതനായത്. ചെയ്‌ത തെറ്റിനു പ്രായശ്‌ചിത്തമായി വൃക്കദാനത്തിനു സന്നദ്ധനായി എത്തിയിരിക്കുകയാണ് മുന്‍ ജീവപര്യന്തം തടവുകാരന്‍ സുകുമാരന്‍.
ഒരാളുടെ ജീവനെടുത്തതിനു പകരം മറ്റൊരാള്‍ക്കു ജീവിതം നല്‍കാന്‍ ജയില്‍വാസകാലത്തുതന്നെ സുകുമാരന്‍ തീരുമാനിച്ചിരുന്നു. അതിനു പ്രചോദനമായതാകട്ടെ സാമൂഹികപ്രവര്‍ത്തകയും വൃക്കദാനം നടത്തുകയും ചെയ്‌ത ഉമാ പ്രേമനാണ്. ജീവപര്യന്തം ശിക്ഷയില്‍ ഇളവുലഭിച്ച സുകുമാരന്‍ കഴിഞ്ഞ ജൂലൈയിലാണു ജയില്‍ മോചിതനായത്.
പ്രിന്‍സിയുടെ ചികിത്സയ്‌ക്കു കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രേം ഉഷാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ 17 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. ശസ്‌ത്രക്രിയയ്‌ക്കായി പ്രിന്‍സിയെ 20-നു കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കും.
ക്രിമിനല്‍ കേസില്‍ തടവുശിക്ഷ അനുഭവിച്ചവര്‍ക്ക് അവയവദാനത്തിനുള്ള നിയമതടസം പ്രത്യേക ഉത്തരവിലൂടെയാണു സുകുമാരന്‍ മറികടന്നത്. പ്രിന്‍സിയുടെ മാതാവ് പ്രസന്ന വൃക്കരോഗം ബാധിച്ചാണു 13 വര്‍ഷം മുമ്പു മരിച്ചത്. ഇപ്പോള്‍ സഹോദരനും വൃക്കരോഗിയാണ്. രോഗിയായ പിതാവ് തങ്കച്ചനുമൊത്തു മറച്ചുകെട്ടിയ ചെറിയ വീട്ടിലാണു താമസം.
https://www.facebook.com/Malayalivartha