പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന ചൂണ്ടിക്കാണിച്ച് ഷുഹൈബ് വധക്കേസ് പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎമ്മിന്റെ നാടകം

യുവ കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പ്രതികളായ സി.പി.എം പ്രവര്‍ത്തകർക്കെതിരെ പാർട്ടി നടപടി. പ്രധാന പ്രതികളായ ആകാശ് തില്ലങ്കേരി, ടി.കെ അസ്ക്കർ, കെ അഖിൽ, ദീപ്ചന്ദ് എന്നിവരെ പാർട്ടിയിൽ നിന്ന്പുറത്താക്കി.
നാല് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ ഷുഹൈബിനെ കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന സി.പി.എം വാദം പൊളിഞ്ഞു. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്നാണ് പുറത്താക്കിയതിന് സി.പി.എം ജില്ലാ കമ്മിറ്റി നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുറത്താക്കാനുള്ള തീരുമാനം എടുത്തത്.
ഷുഹൈബ് വധത്തിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ പുറത്താക്കുമെന്ന് നേരത്തെ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. കൊലക്കേസിൽ ഇതുവരെ 11 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നാല് പേരെ പുറത്താക്കിയതോടെ ഷുഹൈബ് വധത്തിൽ സി.പി.എമ്മിനുള്ള പങ്ക് പുറത്ത് വന്നിരിക്കുകയാണ്.ശുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട പശ്ചാത്തലത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ ഹൈക്കോടതി രംഗത്തെത്തിയ സാഹചര്യത്തിലും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തര യോഗം വിളിച്ചു ചേർത്താണ് പ്രതികളെ പുറത്താക്കിയത്. കൊല നടന്ന് ഇത്ര ദിവസമായിട്ടും കേസുമായി യാതൊരു ബന്ധവും തങ്ങൾക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന സി.പി.എം പ്രതികൾക്കെതിരെ നടപടിയെടുത്തതിലൂടെ ഷുഹൈബിനെ കൊലപ്പെടുത്തിയത് പാർട്ടി തന്നെയാണെന്ന് സമ്മതിക്കുക കൂടിയാണ് ചെയ്തത്.
കേസിൽ അറസ്റ്റിലായ പ്രതികൾ സി.പി.എമ്മുകാരാണെന്ന് പകൽ പോലെ വ്യക്തമായതോടെ സി.ബി.ഐ അന്വേഷണം എതിരാകുമെന്ന് മുന്നിൽ കണ്ടാണ് ധൃതി പിടിച്ച് ഇത്തരമൊരു നടപടി സ്വീകരിച്ചത്. നേരത്തെ ഷുഹൈബ് വധത്തിൽ സർക്കാരിനെതിരേയും ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായതിനാൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമടക്കം പ്രതികൾക്കെതിരെ നടപടിയെടുത്ത കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുത്തുവെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ ഷുഹൈബ് വധ കേസിന്‍റെ കേസ് ഡയറിയും മറ്റു രേഖകളും മട്ടന്നൂർ പോലീസ് സി.ബി.ഐ തിരുവനന്തപുരം ഓഫിസിന് കൈമാറാൻ ഇതുവരെയും തയാറായിട്ടില്ല. ഇതിനെ തുടർന്ന് കെ സുധാകരൻ കണ്ണൂർ റെയ്ഞ്ച് ഐ.ജിക്കും എസ്.പിക്കും കത്തയച്ചു. കേസ് ഡയറി സി.ബി.ഐയ്ക്ക് കൈമാറാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. വധക്കേസിന്‍റെ കേസ് ഡയറിയും മറ്റും സി.ബി.ഐയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനൊക്കെ പിന്നാലെയാണ് കേസിലുൾപ്പെട്ടിരിക്കുന്നവരെ സി.പി.എം. ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപ് ആകാശിന്റെ പിതാവിനെ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് വിളിച്ച് വരുത്തിയിരുന്നു.
https://www.facebook.com/Malayalivartha



























