കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് വനിത ഹോസ്റ്റലിലെ അന്‍പതോളം വിദ്യാര്‍ഥികളും അധ്യാപികയും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. രണ്ടാംവര്‍ഷ, അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഛര്‍ദിയും വയറിളക്കവും തലകറക്കവും പനിയും അനുഭവപ്പെട്ട് അവശനിലയിലായ വിദ്യാര്‍ഥികളാണ് ചികിത്സതേടിയത്. ഹോസ്റ്റലില്‍ നിന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വെജിറ്റബ്ള്‍ ബിരിയാണി കഴിച്ച് കിടന്നുറങ്ങിയ കുട്ടികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.
ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ട തങ്ങളെ ആശുപത്രിയില്‍ ചികിത്സതേടാന്‍ പോലും ഹോസ്റ്റല്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ബുധനാഴ്ച രാവിലെ 11ന് മാനേജ്‌മെന്റ് വിളിച്ചുവരുത്തിയ ഡോക്ടറാണ് വിദ്യാര്‍ഥിനികളെ പരിശോധിച്ചത്. എന്നാല്‍, കുറിപ്പടി പ്രകാരമുള്ള മരുന്ന് വൈകീട്ട് അഞ്ചരക്കാണ് എത്തിച്ചു നല്‍കിയതെന്നും പരാതിയുണ്ട്. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല സെമസ്റ്റര്‍ പരീക്ഷ ഉണ്ടായിരുന്നതിനാല്‍ ഭക്ഷ്യവിഷബാധയേറ്റ കുട്ടികള്‍ക്ക് ബുധനാഴ്ച അവശതയോടെ പരീക്ഷയെഴുതേണ്ടിവന്നു.
അതേസമയം ഛര്‍ദിയും തലകറക്കവും കൂടിയ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനികളില്‍ ചിലര്‍ ബുധനാഴ്ചത്തെ ഇന്‍േറണല്‍ പരീക്ഷ എഴുതിയില്ലെന്നാണ് വിവരം. വിദ്യാര്‍ഥികള്‍ വിളിച്ചറിയിച്ച പ്രകാരമെത്തിയ രക്ഷിതാക്കള്‍ പ്രതിഷേധിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ് പാടെ തളര്‍ന്ന ചില കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ വഴിയൊരുങ്ങിയത് എന്നാണ് വിവരം.
ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം വളരെ മോശമായതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























