കള്ള്ഷാപ്പുകള്‍ക്ക് കോടതി നല്‍കിയ ഇളവിന്റെ മറവില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളും പാതയോരത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി, ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും അപകട മരണനിരക്കും വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കും

പാതയോരത്ത് കള്ള്ഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പന ശാലകളും വീണ്ടും പഞ്ചായത്ത് പരിധികളില്‍ പഴയസ്ഥാനത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹര്‍ജിയിലാണ് ഷാപ്പുകള്‍ക്ക് സുപ്രീംകോടതി ഇളവ് നല്‍കിയത്. ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്കും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കും മുമ്പ് കോടതി ഇളവ് അനുവദിച്ചിരുന്നു. തുടര്‍ന്നാണ് കള്ള്ഷാപ്പ് ഉടമകളും വൈന്‍ പാര്‍ലറുകളും സുപ്രീംകോടതിയെ സമീപിച്ചത്. ഈ രണ്ട് കൂട്ടര്‍ക്കും നല്‍കിയ ഇളവ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പനശാലകള്‍ക്കോ ബാധകമല്ല. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് ഔട്ട്‌ലെറ്റുകള്‍ വീണ്ടും പാതയോരങ്ങളിലേക്ക് മാറ്റാന്‍ ബെവ്‌കോ എം.ഡി കഴിഞ്ഞ ദിവസം റീജിയണല്‍ മാനേജര്‍മാര്‍ക്ക് അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കി. അവര്‍ അതിനുള്ള നടപടികളും തുടങ്ങി.
ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകളും ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നത് മൂലും ഉണ്ടാകുന്ന ജനത്തിരക്കും ഗതാഗതതടസവും വാഹനാപകടങ്ങളും മദ്യപിച്ച് വാഹനം ഓടിച്ച് ഉണ്ടാകുന്ന അപകടമരണങ്ങളും കണക്കിലെടുത്താണ് 2016 ഡിസംബറില്‍ സുപ്രീംകോടതി മദ്യശാലകള്‍ക്ക് താഴിട്ടത്. എല്‍.ഡി.എഫ് അധികാരത്തിലേറ്റിയാല്‍ സംസ്ഥാനത്തുനിന്ന് മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും പുതിയ രീതിയിലുള്ള പദ്ധതികള്‍ രൂപപ്പെടുത്തുമെന്നും മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നുമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുന്നണി പറഞ്ഞിരുന്നത്. നടി കെ.പി.എ.സി ലളിതയെ കൊണ്ട് ഇതിന്റെ പരസ്യവും പ്രചരണത്തിന് ഇറക്കിയിരുന്നു. എന്നാല്‍ അധികാരത്തിലേറിയ ശേഷം പിണറായിയും കൂട്ടരും മലക്കം മറിഞ്ഞു. മദ്യവ്യാപാരികള്‍ക്കും മദ്യപാനികള്‍ക്കും സന്തോഷം തരുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്വീകരിക്കുന്നത്. മദ്യനിരോധനം കൊണ്ട് മദ്യപാനം നിര്‍ത്താന്‍ സാധിക്കില്ലെന്നും മറിച്ച് ഘട്ടംഘട്ടമായി നിര്‍ത്തലാക്കേണ്ടതാണ് ആളുകളുടെ മദ്യപാനശീലമെന്നും സര്‍ക്കാര്‍ ഇപ്പോള്‍ വാദിക്കുന്നു.
ദേശീയ സംസ്ഥാന പാതകളിലെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ ബാറുകള്‍ക്കും പഞ്ചനക്ഷത്ര ബാറുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്കും മദ്യവില്‍പ്പന ഔട്ട്‌ലെറ്റുകള്‍ക്കുമാണ് സുപ്രീംകോടതി 2016 ഡിസംബറില്‍ നിരോധനമേര്‍പ്പെടുത്തിയത്. പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ജനസംഖ്യയില്‍ ഇരുപതിനായിരത്തില്‍ കുറവുള്ള മുനിസിപ്പല്‍പഞ്ചായത്ത് മേഖലകളില്‍ അരക്കിലോമീറ്റര്‍ ദുരപരിധി 220 മീറ്ററാക്കി കുറയ്ക്കുകയും ചെയ്തു. കോടതി വിധി വന്ന ദിവസം ബിവറേജസിന്റെ 155 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ 9 ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതിനു പുറമേ സംസ്ഥാനത്തെ അഞ്ഞൂറോളം ബിയര്‍വൈന്‍ പാര്‍ലറുകളെയും ഇരുപതോളം പഞ്ചനക്ഷത്ര ബാറുകളെയും വിധി പ്രതികൂലമായി ബാധിച്ചു.
ദേശീയസംസ്ഥാന പാതയോരങ്ങളുടെ അരക്കിലോമീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് സുപ്രീംകോടതി വിധി സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ പിന്നീട് നിയമോപദേശം നല്‍കി. എന്നാല്‍ കോടതി വിധി പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണെന്നും ബാറുകളടക്കം മുഴുവന്‍ മദ്യശാലകള്‍ക്കും ബാധകമാണ് വിധിയെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അന്ന് വ്യക്തമാക്കി. ദൂരപരിധി പാലിക്കേണ്ടിവന്നാല്‍ സമുദ്രത്തിലും മലമുകളിലും വരെ മദ്യശാലകള്‍ സ്ഥാപിക്കേണ്ടിവരുമെന്ന് അറ്റോര്‍ണി ജനറല്‍ അന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മദ്യം കുടിക്കേണ്ടവര്‍ എവിടെയും പോയി കുടിച്ചോളുമെന്നായിരുന്നു വിധി. ഡിസംബറിലെ വിധിക്കെതിരെ സമര്‍പ്പിച്ച 58 പുനപരിശോധനാ ഹര്‍ജികളാണ് കോടതി അന്ന് തള്ളിയത്. പിന്നീടാണ് കോടതി കള്ള് ഷാപ്പുകള്‍ക്കും ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്കും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കും ഇളവ് അനുവദിച്ചത്. അതിന്റെ മറവില്‍ ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും ഔട്ട്‌ലെറ്റുകള്‍ പഴയ സ്ഥാലത്താക്കിയാല്‍ ദുരവ്യാപകമായ പ്രത്യഘാതങ്ങളുണ്ടാക്കും.
https://www.facebook.com/Malayalivartha

























