ആരും സഹായിക്കാനില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർക്ക് ആശ്വാസമായി കേരളാ പോലീസ്

ആരും സഹായിക്കാനില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെ വീടുകളിൽ അക്രമം, മോഷണം തുടങ്ങിയവ വ്യാപകമാകുന്ന സാഹചര്യത്തിൽ അവർക്ക് സുരക്ഷയൊരുക്കാനൊരുങ്ങി കേരളാ പോലീസ്. ഇവർക്ക് അസുഖമുണ്ടായാല്‍ സമയത്ത് പരിചരണം കിട്ടാത്തതുമൊക്കെ പരിഗണിച്ചാണ് പോലീസിന്റെ സേവനം. തൃശ്ശൂരില്‍ ഇന്നലെ ആരംഭിച്ച ബെല്‍ ഓഫ് ഫെയ്ത്, കോട്ടയത്ത് അടുത്തിടെ ആരംഭിച്ച സ്നേഹസ്പര്‍ശം എന്നീ സുരക്ഷാപദ്ധതികള്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെ വ്യാപകമാക്കും. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ പദ്ധതിയാണ് ബെല്‍ ഓഫ് ഫെയ്ത്. ഒറ്റയ്ക്കു താമസിക്കുന്നവരുമായി മാനസിക അടുപ്പമുള്ള അയല്‍വാസിയെയോ പരിചയക്കാരെയോ സഹകരിപ്പിച്ചാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളില്‍ ബെല്‍ അമര്‍ത്തിയാല്‍ അയല്‍വാസിയുടെ വീട്ടില്‍ അലാറം മുഴങ്ങുകയും അവരെത്തി പോലീസുമായോ ആശുപത്രിയുമായോ ബന്ധപ്പെടുകയും ചെയ്യും. 500 രൂപയില്‍ താഴെയാണ് ബെല്‍ സ്ഥാപിക്കാനുള്ള ചെലവ്. ബെല്‍ ഓഫ് ഫെയ്ത് പാവപ്പെട്ട 50 പേരുടെ വീടുകളിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് ഉടൻ കൂടുതൽ വീടുകളിലെത്തും. ഇതിന്റെ ചെലവ് പോലീസ് സന്നദ്ധസംഘടനകളുടെ സഹായത്തോടെ വഹിക്കും. ബീറ്റ് പോലീസ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബെല്ലിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കും. ബി.എസ്.എന്‍.എല്‍. ലാന്‍ഡ്ഫോണ്‍ ഉള്ളവര്‍ക്ക് പാലാ പോലീസ് തുടങ്ങിയ ഹോട്ട്ലൈന്‍ സംവിധാനമാണ് സ്നേഹസ്പര്‍ശം. ഫോണിന്റെ റിസീവര്‍ പതിനഞ്ച് സെക്കന്‍ഡ് ഉയര്‍ത്തുകയോ മാറ്റിവെക്കുകയോ ചെയ്താല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിളിയെത്തും. ജനമൈത്രി പോലീസ് വീടുകള്‍ കയറിയിറങ്ങിയാണ് മുതിര്‍ന്ന പൗരന്മാരെ ഇതിന് കണ്ടെത്തിയത്. ഒരോ പ്രദേശത്തേയും മുതിര്‍ന്ന ആളുകളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ പോലീസ് മനസ്സിലാക്കിയിരുന്നു. അവര്‍ പറഞ്ഞത് വിലയിരുത്തിയാണ് സുരക്ഷ എങ്ങനെവേണമെന്ന് തീരുമാനിച്ചത്. വയോജനങ്ങളുടെ സുരക്ഷയില്‍ കൂടുതല്‍ കരുതല്‍ ഉണ്ടാകുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റയും പറഞ്ഞു.
https://www.facebook.com/Malayalivartha