പെസഹാചരണത്തിന്റെ ഭാഗമായി നടത്തുന്ന കാൽകഴുകൽ ശുശ്രൂഷയിൽ പുരുഷന്മാരുടെ കാലുമാത്രം കഴുകിയാൽ മതിയോ..? കാൽകഴുകൽ ശുശ്രൂഷയ്ക്ക് പുതിയ മാനം നൽകി കോട്ടയത്തും തിരുവല്ലയിലും ദേവാലയങ്ങള്‍ക്ക് പുറത്ത് സ്ത്രീകളുടെ കാലുകൾ കഴുകി

സ്ത്രീ-പുരുഷ തുല്യതയ്ക്കായി പല ദിക്കുകളിൽനിന്നും മുറവിളി ഉയരുമ്പോൾ ക്രൈസ്തവ സഭകളിലെ പെസഹാ ആചരണത്തിന്റെ ഭാഗമായുള്ള കാല്‍കഴുകല്‍ ശുശ്രൂഷയിൽ സ്ത്രീകളുടെ കാലുകളും കഴുകി. കോട്ടയത്തെ നവജീവന്‍ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ ദമ്പതികളില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല്‍കഴുകി മുത്തം നൽകി. പെസഹ വ്യാഴത്തിനോട് അനുബന്ധിച്ച് പുരോഹിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ഈ കാൽകഴുകൽ ശുശ്രൂഷ നടന്നത് ദേവാലയത്തിന് പുറത്താണെന്ന് മാത്രം. ഇന്നലെ ഈ ചടങ്ങ് കോട്ടയത്തും തിരുവല്ലയിലും നടത്തി.
ക്രൈസ്തവസഭയ്ക്കുള്ളില്‍ നവീകരണത്തിന് വേണ്ടി വാദിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമണ്‍സ് മൂവ്‌മെന്റ്. ഇവരുടെ നേതൃത്വത്തിലാണ് കാല്‍കഴുകല്‍ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് പുതിയൊരു മാറ്റം നൽകിയത്. ഈയൊരു ചടങ്ങിലൂടെ എല്ലാവരും തുല്യരാണെന്ന സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഐസിഡബ്യൂഎം അംഗങ്ങൾ പറയുന്നു. ഈ ചടങ്ങിന് സ്ഥാനങ്ങളും മാനദണ്ഡങ്ങളും ഉച്ചനീചത്വങ്ങളും ബാധകമല്ല. ഒരാളുടെ കാല്‍കഴുകി മുത്തം നൽകുമ്പോൾ ഉള്ളില്‍ എളിമയും സംതൃപ്തിയും ഉണ്ടാകുമെന്നാണ് ഇവർ കരുതുന്നത്. കാല്‍കഴുകല്‍ ശുശ്രൂഷയിലൂടെ അന്യോന്യമുള്ള ശുശ്രൂഷാ മനോഭാവമാണ് വളരേണ്ടതെന്നും ഇതില്‍ ലിംഗ, സാമ്പത്തിക വിവേചനങ്ങള്‍ പാടില്ലെന്നും ഐസിഡബ്ലൂഎം വിശ്വസിക്കുന്നുവെന്ന് സെക്രട്ടറി ശാന്തി മത്തായി പറഞ്ഞു.
https://www.facebook.com/Malayalivartha