തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലൊടിഞ്ഞു കിടക്കുന്ന വൃദ്ധനോട് അറ്റന്‍ഡറുടെ ക്രൂരത; ദൃശ്യങ്ങള്‍ പുറത്തായപ്പോൾ അറ്റന്‍ഡർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കെതിരെ പുറത്ത് വരുന്നത് ഗുരുതര ആരോപണം. കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോണ്ടായിരുന്നു അറ്റന്‍ഡറുടെ ക്രൂരത. വൃദ്ധന്റെ കൈവിരലുകൾ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വൃദ്ധൻ നിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.
നഴ്സിങ് അസിസ്റ്റന്റ് സുനിൽ കുമാറിന്റെ ക്രൂരതയ്ക്കിരയായത് വിളക്കുപാറ സ്വദേശി വാസുവായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡായ പതിനഞ്ചിലാണ് സംഭവം. അപകടം പറ്റി കാലോടിഞ്ഞതിനെ തുടർന്ന് കമ്പി ഇട്ടു കിടക്കുന്ന വൃദ്ധനോടാണ് ആ വാർഡിലെ നഴ്സിങ് അസിസ്റ്റന്റ് സുനിൽ കുമാര്‍ ക്രൂരമായി പെരുമാറുന്നത്.
വൃദ്ധന്റെ കൈവിരലുകൾ ഇയാൾ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും വൃദ്ധനെ അടിക്കാൻ കൈ ഓങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരനെ പിരിച്ചുവിടണമെന്നും വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി ഉടൻ ഇടപെടണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായി സൂപ്രണ്ട് അറിയിച്ചു.
സംഭവത്തെക്കുറിച്ചന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സംഭവം മെഡിക്കല്‍ കോളേജിലാണെന്ന് ബോധ്യപ്പെടുകയും ജീവനക്കാരനെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയിലെ സംഭവം എന്ന് നടന്നുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇപ്പോള്‍ ആ രോഗി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലില്ല. എങ്കിലും വാര്‍ഡ് 15 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആയതിനാനാല്‍ അദ്ദേഹത്തെകൂടി കണ്ടെത്തി വിശദമായി അന്വേഷിച്ച ശേഷമായിരിക്കും ശക്തമായ നടപടി സ്വീകരിക്കുക.
https://www.facebook.com/Malayalivartha