വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും, പാര്‍ട്ടിയില്‍ ശുദ്ധികലശത്തിന് സമയമായി, ബദല്‍ നിലപാട് തള്ളിയിരുന്നെങ്കില്‍ ജനറല്‍ സെക്രട്ടറി ആയി തുടരില്ലായിരുന്നു... കാരാട്ടിനും ടീമിനും യച്യൂരി എണ്ണി എണ്ണി മറുപടി കൊടുക്കുന്നു

വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പുകളിലടക്കം പിന്തുണയ്ക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി. ബദല്‍ നിലപാട് തള്ളിയിരുന്നെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചേനെ. പാര്‍ട്ടിയില്‍ ശുദ്ധികലശത്തിന് സമയമായി. പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ സംശയം വേണ്ടെന്നും യച്യൂരി തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി യാതൊരുതരത്തിലുള്ള ബന്ധവും ഇല്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ബൃന്ദകാരാട്ട് വ്യക്തമാക്കിയിരുന്നു. അതിനുള്ള ശക്തമായ മറുപടിയാണ് യച്യൂരി നല്‍കുന്നത്.
കേന്ദ്രകമ്മിറ്റിയില്‍ യച്യൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ടും കേരള ഘടകവും ചേര്‍ന്ന് വോട്ടിനിട്ട് തള്ളിയിരുന്നു. അന്ന് തന്നെ രാജിവയ്ക്കാന്‍ യച്യൂരി തീരുമാനിച്ചെങ്കിലും കേന്ദ്രകമ്മിറ്റി അനുവദിച്ചില്ല. അതോടെ ബദല്‍രേഖ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് യച്യൂരി പറഞ്ഞിരുന്നു. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി യോജിക്കണമെന്നും തെരഞ്ഞെടുപ്പ് ധാരള ഉള്‍പ്പെടെ വേണമെന്നുമായിരുന്നു യച്യൂരിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള ബന്ധവും പാടില്ലെന്നും മറ്റ് മതേരത കക്ഷികളുടെ വോട്ട് സമാഹരിക്കണമെന്നായിരുന്നു കാരാട്ട് ഉള്‍പ്പെടെയുള്ള ഭൂരിപക്ഷ വിഭാഗം നിലപാടെടുത്തത്.
കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച് രഹസ്യബാലറ്റ് വേണമെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ടതോടെയാണ് കാരാട്ടും സംഘവും വെട്ടിലായത്. രഹസ്യബാലറ്റ് വേണമെന്ന ആവശ്യവുമായി ബംഗാളില്‍ നിന്നുള്ള 175 പ്രതിനിധികളും ഉറച്ച് നിന്നതോടെ കാരാട്ടും കേരളഘടകത്തിലെ നേതാക്കളും സമവായത്തിലെത്തുകയായിരുന്നു. രഹസ്യബാലറ്റ് ഉപയോഗിച്ച് വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ യച്യൂരിയുടെ ബദല്‍രേഖയ്ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേനെ. മുതിര്‍ന്ന നേതാവ് വി.എസ് അച്യൂതാനന്ദനടക്കം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി വരുത്തി. കോണ്‍ഗ്രസുമായി സഖ്യം പാടില്ലെന്ന് ഉറച്ച് നില്‍ക്കുകയും തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ ധാരണയാകാമെന്നും ആയിരുന്നു ഭേദഗതി.
എന്നാല്‍ കോണ്‍ഗ്രസുമായി ബംഗാളില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കില്ലെന്നും സി.പി.എം ദുര്‍ബലമായ പ്രദേശത്തെ വോട്ടുകള്‍ അവര്‍ക്ക് നല്‍കുമെന്നും ബൃന്ദാ കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അത് ശരിയല്ലെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും യച്യൂരി ഇപ്പോള്‍ വ്യക്തമാക്കിയതോടെ സി.പി.എം കേന്ദ്രകമ്മിറ്റിയിലും പി.ബിയിലും ഭിന്നത തുടരുമെന്ന് വ്യക്തമായി.
https://www.facebook.com/Malayalivartha






















