കേന്ദ്രസര്‍ക്കാരിനു പിന്നാലെ സംസ്ഥാന സര്‍ക്കാരും വിവിധ സേവനങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമുള്ള തിരിച്ചറിയല്‍ രേഖ ആധാറായി ഏകീകരിക്കുന്നു

കേന്ദ്രസര്‍ക്കാറിന് പിന്നാലെ സംസ്ഥാന സര്‍ക്കാറും വിവിധ സേവനങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമുള്ള തിരിച്ചറിയല്‍ രേഖ ആധാറായി ഏകീകരിക്കുന്നു. ഒരേ സേവനങ്ങള്‍ക്ക് പല സ്ഥലങ്ങളിലായി വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി ആനുകൂല്യങ്ങള്‍ തട്ടുന്നതടക്കം ക്രമക്കേടുകള്‍ തടയാനും സേവനനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് പുതിയ നീക്കം.99.25 ശതമാനം പേരും ആധാര്‍ സ്വന്തമാക്കിയ കേരളത്തില്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചുള്ള സംരംഭങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ നീക്കം.
ക്ഷേമനിധി പെന്‍ഷനുകള്‍, ജല അതോറിറ്റി കണക്ഷന്‍, വാഹന രജിസ്‌ട്രേഷന്‍, സ്‌കോളര്‍ഷിപ് തുടങ്ങിയ സേവനങ്ങള്‍ക്കാകും ആദ്യഘട്ടത്തില്‍ ആധാര്‍ ബാധകമാക്കുക. സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി വിരലടയാളം തിരിച്ചറിയുന്നതിനുള്ള ഉപകരണം ഓഫിസുകളില്‍ സ്ഥാപിക്കും.
ബാങ്ക് അക്കൗണ്ടുകളും മറ്റ് വ്യക്തിഗത വിവരങ്ങളുമടക്കം ആധാറില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ അപേക്ഷകന്റെ പൂര്‍ണവിവരം കമ്പ്യൂട്ടറില്‍ ലഭിക്കും. ആനുകൂല്യങ്ങളിലെ ഇരട്ടിപ്പടക്കം തടയാന്‍ കഴിയും എന്നതിനൊപ്പം അപേക്ഷാ വിവരങ്ങള്‍ വീണ്ടും ടൈപ്പ് ചെയ്യാനെടുക്കുന്ന സമയവും ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
നമ്പര്‍ അപേക്ഷകന്റെതന്നെയാേണാ എന്ന് ഫിങ്കര്‍ പ്രിന്റ് റീഡറിലൂടെ ഉറപ്പുവരുത്താനും സാധിക്കും. ഇഡിസ്ട്രിക്റ്റ് സംവിധാനത്തില്‍ നിലവില്‍തന്നെ ആധാര്‍ ബന്ധപ്പെടുത്തുന്നുണ്ട്. ഇഡിസ്ട്രിക്റ്റില്‍ പ്രൊഫൈല്‍ തയാറാക്കുന്നതിന് ആധാര്‍ നമ്പര്‍കൂടി ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതോടൊപ്പം ആധാര്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കെ.വൈ.സി സംവിധാനവും പ്രാബല്യത്തില്‍ വരും. സബ്‌സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്യാനായി ഈ സംവിധാനം ഉപയോഗിക്കുന്നതുവഴി അനര്‍ഹര്‍ക്ക് സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നത് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
സേവനങ്ങള്‍ക്ക് ആധാര്‍ ഉപാധിയാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ കരട് ഐ.ടി നയത്തില്‍ പരാമര്‍ശങ്ങളുണ്ട്. ആധാര്‍ നമ്പര്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നാണ് ഐ.ടി നയം അടിവരയിടുന്നത്. ആധാര്‍ സംബന്ധിച്ച ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ രാജ്യത്താകമാനം വാഹനരജിസ്‌ട്രേഷന്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























