അശ്വതി ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് കൈയ്യടി ഒപ്പം... ലിഗയുടെ സഹോദരിയോ ഭര്‍ത്താവോ ഒന്നും പറയാതെ മുഖ്യമന്ത്രിയേയും ഡിജിപിയേയും ലോകത്തിന്റെ മുമ്പില്‍ നാണം കെടുത്തിയ അശ്വതി ജ്വാലയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യുന്നു

അശ്വതി ജ്വാല പട്ടിണി പാവങ്ങളുടെ ഒരുപിടി ചോറാണ്. അശ്വതി പാവപ്പെട്ടവര്‍ക്കായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ നമ്മള്‍ കാണാതെ പോകരുത്. ഒപ്പം അവര്‍ പേരെടുക്കാനായി കാട്ടിക്കൂട്ടുന്ന അനാവശ്യ ഇടപെടലും. ഇത് ഏറ്റവുമധികം വ്യക്തമായത് അശ്വതി ജ്വാലയും ലിഗയുടെ സഹോദരി ഇല്‍സിയും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇത് പുറത്തായത്.
ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസ് മേധാവിക്കുമെതിരെ സന്നദ്ധ സംഘടനാ പ്രവര്‍ത്തക അശ്വതി ജ്വാല ഉന്നയിച്ച ആരോപണം ശരിയല്ലെന്ന് സഹോദരി ഇല്‍സി പറഞ്ഞു. ആശയക്കുഴപ്പം കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞതെന്നും സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അശ്വതി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇല്‍സി തുറന്നുപറഞ്ഞു. അശ്വതിക്ക് പറ്റിയ വീഴ്ചയിലും വിവാദത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴച്ചതിലും മാപ്പുചോദിക്കുന്നതായും ഇല്‍സി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഹായിയായി ഒപ്പമുണ്ടായിരുന്ന അശ്വതി ജ്വാല മലയാളത്തിലാണ് കാര്യങ്ങള്‍ പറഞ്ഞ് സംസാരിച്ചത്. പറഞ്ഞതില്‍ പലതും അന്ന് തനിക്ക് മനസ്സിലായില്ല. അശ്വതിക്ക് പറ്റിയത് പിഴവാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇല്‍സി ആവര്‍ത്തിച്ചു.
അതേസമയം അശ്വതി ജ്വാല ആശുപത്രിയിലാണ്. ടെന്‍ഷന്‍ താങ്ങാതെ ബിപി കൂടിയതാണ് കാരണം. എന്താണ് അശ്വതിയുടെ ബിപി കൂട്ടുന്നത്. അശ്വതിയ്‌ക്കെതിരെ അന്വേഷണം വേണമെന്ന ഒരു പരാതി ഡിജിപിയ്ക്ക് കിട്ടിയതാണ് കാരണം. ആ പരാതി അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിന് ഡിജിപി കൈമാറി. അശ്വതിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് പേടിക്കുന്നത്. അശ്വതി അഞ്ചേക്കര്‍ ഭൂമിക്ക് അഡ്വാന്‍സ് കൊടുത്തുവെന്നും പണപ്പിരിവ് നടത്തിയെന്നുമാണ് പരാതി. പ്രതിപക്ഷം പറയുന്നതുപോല പരാതി കള്ളമായിക്കോട്ടെ പക്ഷെ അശ്വതി എന്തിനാ പേടിക്കുന്നേ...

എന്നാല്‍ അശ്വതിയെപ്പറ്റി പോലീസ് രഹസ്യമായി അന്വേഷിച്ചിരുന്നു. അവര്‍ക്ക് കിട്ടിയ വിവരങ്ങള്‍ മുകള്‍ത്തട്ടില്‍ കൈമാറിയിട്ടുണ്ട്. പോലീസ് അന്വേഷണം നീണ്ടാല്‍ അശ്വതിയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കിട്ടിയ സ്വദേശവും വിദേശവുമായ ഫണ്ട് അന്വേഷിക്കും. അതിന്റെ സ്‌ത്രോതസും അന്വേഷിക്കും. അതിന് എന്തായാലും അശ്വതി ഉത്തരം പറഞ്ഞേ മതിയാകൂ....

അതേസമയം അശ്വതി ജ്വാല വന്നത് തികച്ചും കഷ്ടപ്പെട്ടാണ്. തെരുവോരത്തെ ഊട്ടിയ അശ്വതിയെപ്പറ്റി സോഷ്യല്‍മീഡിയയിലെ വൈറലായ പോസ്റ്റിങ്ങനെ
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, സമയം ഉച്ചക്ക് ഒരു മണിയോടടുക്കമ്പോള്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയെന്നോ വെയിലെന്നോ നോക്കാതെ ചുവന്ന ഇരുചക്രവാഹനത്തില്‍ ഒരു പെണ്‍കുട്ടി ചുറ്റുന്നത് കാണാം. അവളുടെ വാഹനത്തിലെ സഞ്ചിയില്‍ നിറയെ ഭക്ഷണ പൊതികളാണ്.

തെരുവിലുപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ അഗതികളുടെ ജീവാമൃതം നിറച്ച പൊതികള്‍. ഒരു വീട്ടുജോലിക്കാരിയുടെയും അവരുടെ രണ്ടു പെണ്‍മക്കളുടെയും അധ്വാനത്തില്‍ നിന്നും മിച്ചം പിടിച്ചു, ഉറ്റവരും ഉടയവരും ഇല്ലാത്തവരെ ഊട്ടുന്നവള്‍, അശ്വതി നായര്‍.
തിരുവന്തപുരം മുട്ടത്തറ സ്വദേശി. തന്റെ കണ്ണുനീര്‍ മാത്രമല്ല തെരുവില്‍ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കൈനീട്ടുന്നവരുടെയും സങ്കടങ്ങള്‍ കാണാന്‍ അശ്വതിയ്ക്കു കഴിയുന്നത് വിശപ്പെന്തെന്നു നന്നായി മനസിലാക്കിയതു കൊണ്ടാണ്.

ഭര്‍ത്താവുപേക്ഷിച്ചു പോയപ്പോള്‍ സമീപവീടുകളില്‍ പകല്‍ സമയ ജോലിയും സന്ധ്യമുതല്‍ അര്‍ദ്ധരാത്രിയോളം തട്ടുകടജോലിയും ചെയ്യുമ്പോള്‍ നന്നായി പഠിക്കുന്ന മക്കളില്‍ ആയിരുന്നു വിജയകുമാരിയമ്മയുടെ സ്വപ്നങ്ങള്‍, പ്രത്യേകിച്ചും മകള്‍ അശ്വതിയില്‍. കടുത്ത പട്ടിണിയിലും ദാരിദ്രത്തിലും പ്ലസ്ടു വരെ അശ്വതിയുടെ വിദ്യാഭ്യാസം വലിയ അല്ലലില്ലാതെ മുന്നോട്ടു പോയി.ഈ സമയം വിജയകുമാരിയമ്മയുടെ മൂത്തമകന്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയിരുന്നു.
പ്ലസ്ടുവിനു ശേഷം നേഴ്‌സ് ആകാന്‍ ആഗ്രഹിച്ചെങ്കിലും അതിനു സാധിച്ചില്ല. അതിനാല്‍ കേരളത്തിന്റെ പുറത്ത് പഠിക്കാന്‍ ശ്രമിച്ചെങ്കിലും, പട്ടിണികിടന്നും കടം മേടിച്ചും സ്വരൂപിച്ച അഡ്മിഷന്‍ പണം കബളിപ്പിച്ചുകൊണ്ടു ഏജന്റ് മുങ്ങി. അതോടെ ബീകോമിന് പാരലല്‍ ആയി പഠിക്കുകയും ഒപ്പം രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ മെഡിക്കല്‍ റിപ്രസെന്റെറ്റീവ് ജോലിയും തുടങ്ങി.
സ്വന്തം ചേരിയില്‍ പെട്ട ഒരാള്‍ ഒരിക്കല്‍ വിശന്നു കരഞ്ഞു ഭക്ഷണം ചോദിച്ചപ്പോഴാണ് തന്റെ ചുറ്റും ഒരു നേരത്തെ ആഹാരത്തിനു ഗതിയില്ലാത്ത അനേകരുണ്ടെന്നു അവള്‍ ശ്രദ്ധിച്ചത്. അവര്‍ക്കും കൂടി ഭക്ഷണം കൊടുത്താലോ എന്നു അമ്മയോടു അശ്വതി പറഞ്ഞപ്പോള്‍ പട്ടിണിയും ഒറ്റപ്പെടലും ആരെക്കാള്‍ നന്നായി അറിയാവുന്ന ആ സ്ത്രീ സന്തോഷിക്കുകയാണുണ്ടായത്.

അടുത്തദിവസം രാവിലെ ആറു പൊതി ചോറുമായാണ് അശ്വതി ജോലിക്കിറങ്ങിയത്. അതിന്റെ എണ്ണം നാള്‍ക്കുനാള്‍ നാള്‍ പിന്നെ കൂടി വന്നു. രാവിലെ വീടു ജോലിക്ക് പോകുന്നതിനു മുന്‍പായി ആ അമ്മ പൊതികള്‍ തയ്യാറാക്കി വെയ്ക്കും.മകള്‍ അതുമെടുത്തു ജോലിക്ക് പോകും. ഉച്ചയാകുമ്‌ബോള്‍ തിരുവന്തപുരത്തെ തെരുവോരങ്ങളില്‍ തന്നെ കാത്തിരിക്കുന്നവരുടെ അടുത്തേക്ക് പോകും. ഇതു അശ്വതിയും അമ്മയും അനുജത്തി രേവതിയും മാത്രമേ അറിഞ്ഞിരുന്നുള്ളൂ.
ജേഷ്ഠന്‍ വിവാഹിതനായി കുടുംബജീവിതം തുടങ്ങിയിരുന്നു. പിന്നീട് മെഡിക്കല്‍കോളേജില്‍ ഒന്‍പതാം വാര്‍ഡിലെ രോഗികളുടെ ദയനീയ സാഹചര്യം നേരിട്ടു കാണാനിടയായി, അവരെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും വളരെ ക്രൂരമായ സമീപനമാണ് അധികാരികളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്, അവസാനം മനുഷ്യാവകാശകമ്മീഷനെ പ്രശ്‌നത്തിലേക്ക് ഇടപെടുത്തിയത്തിനു ശേഷമാണ് അനുമതി ലഭിച്ചത്.

ബീകോമിന് ശേഷം എല്‍എല്‍ബി ഈവനിംഗ് കോഴ്‌സിനു ചേര്‍ന്നു. ഇതിനിടെ സോഷ്യല്‍മീഡിയകളില്‍ കൂടി മറ്റും അറിഞ്ഞും കേട്ടും ചിലര്‍ സഹായിക്കാന്‍ തുടങ്ങി. അവരോടൊപ്പം ചേര്‍ന്നു ജ്വാല എന്ന സംഘടന രൂപികരിച്ചു. തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും ഉപേക്ഷിക്കപ്പെട്ട രോഗികളെയും പുനരധിവസിപ്പിക്കാന്‍ ഒരു വീടു വാടകയ്ക്ക് എടുത്തു. സ്വന്തം കാലില്‍ നില്‍ക്കാന്‍ അനേകരെ പ്രാപ്തരാക്കാന്‍ സഹായിക്കാന്‍ ലോട്ടറി ടിക്കറ്റും ബോര്‍ഡും അവര്‍ക്ക് വാങ്ങിക്കൊടുക്കുന്ന ഒരു ആശയം അടുത്തിടെ മുതല്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി.
https://www.facebook.com/Malayalivartha

























