കാറിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ കയറി മേഞ്ഞു ഗായിക; കഴുത്തിൽ കുത്തിപ്പിടിച്ച് നെഞ്ചിൽ ഇടിച്ചു; ചീത്തവിളിയുടെ പ്രവാഹം...ഒടുവിൽ

ഡ്രൈവിങ് കാബിനിലേക്കു ചാടിക്കയറി ഒരു യുവതി ഷർട്ടിൽ കുത്തിപ്പിടിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തതിന്റെ ഞെട്ടൽ മാറിയിട്ടില്ല, കെഎസ്ആർടിസി ഡ്രൈവർ കൊല്ലം പടിഞ്ഞാറേ കല്ലട ശ്രീസന്ധ്യയിൽ എസ്.ശ്രീകുമാറിന്. കൈപ്പിഴ പറ്റിയിട്ടില്ലെന്ന് ഉറപ്പുള്ള ഒരു സംഭവത്തിൽ ഔദ്യോഗിക ജോലി ചെയ്യുന്നതിനിടയിൽ വെറുതെ ഒരാൾ വന്നു മർദിക്കുക. പ്രതിസന്ധികളുടെ നടുവിൽ ജോലി ചെയ്യുന്നൊരു സർക്കാർ ജീവനക്കാരന് എന്തു സുരക്ഷിതത്വമാണു ലഭിക്കുന്നതെന്ന ആശങ്കയാണു ശ്രീകുമാറിന് ഇപ്പോഴുള്ളത്.
വർഷമായി ഞാൻ ഡ്രൈവിങ് ജോലി ചെയ്യുന്നു. സ്വകാര്യ സ്ഥാപനത്തിലും കെഎസ്ആർടിസിയിലുമായി ഇത്രയും നീണ്ടകാലത്തെ ജോലിക്കിടയിൽ ഇതുവരെയും ഡ്രൈവിങ്ങിന്റെ പേരിൽ അപകടമുണ്ടാക്കിയെന്ന പേരുദോഷം കേട്ടിട്ടില്ല. ഇക്കാലത്തിനിടയിൽ ആദ്യമായാണ് ഒരു ദുരനുഭവമുണ്ടായത്’–ശ്രീകുമാർ പറഞ്ഞു. പുറക്കാട് ജംക്‌ഷനിലുണ്ടായ സംഭവത്തിനു യാത്രക്കാരും നാട്ടുകാരും സാക്ഷികളാണ്. യാത്രക്കാരെ ഇറക്കാനാണു ഞാൻ പുറക്കാട് ജംക്‌ഷനു സമീപം ബസ് നിർത്തിയത്.
റോഡിൽ മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ വീതിയുണ്ടായിരുന്നു. അപ്പോഴാണു പിന്നിൽനിന്നു പാഞ്ഞെത്തിയ കാർ ബസിനു മുന്നിൽക്കയറ്റി നിർത്തുകയും യുവതി ചാടിയിറങ്ങുകയും ചെയ്തത്. ബസിൽ കയറാൻ വന്ന യാത്രക്കാരിയാകുമെന്നാണു ഞാൻ കരുതിയത്. എന്നാൽ, അപ്രതീക്ഷിതമായി അവർ ഡ്രൈവർ കാബിന്റെ ഡോർ വലിച്ചു തുറന്ന് എന്റെ ഉടുപ്പിൽ കുത്തിപ്പിടിച്ചു വലിച്ച് നെഞ്ചിൽ ഇടിക്കുകയായിരുന്നു. ചീത്ത വിളിക്കുകയും ചെയ്തു.
ഓടിക്കൂടിയ നാട്ടുകാരാണു യുവതിയെ പിടിച്ചു മാറ്റിയത്. കാറിൽക്കയറി സ്ഥലംവിടാനൊരുങ്ങിയപ്പോൾ നാട്ടുകാർ തടഞ്ഞു. പൊലീസിനെ വിളിച്ചപ്പോൾ, എനിക്കു നല്ല പിടിപാടുണ്ട്, ഞാൻ ഊരിപ്പോകുമെന്നു വെല്ലുവിളിക്കുകയായിരുന്നു അവർ. ബസ് നിറയെ യാത്രക്കാരും പുറത്തു നാട്ടുകാരും കണ്ടുനിൽക്കെ പ്രായംപോലും നോക്കാതെ, ഒരു തെറ്റും ചെയ്യാത്ത എന്നെ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തതിലാണു മനഃപ്രയാസം. അതിനെക്കാൾ വിഷമം സർവീസ് മുടങ്ങുകയും യാത്രക്കാരുടെ തുടർയാത്ര അവതാളത്തിലായതുമാണ്. ഞാൻ ഓടിച്ച ബസ് കാറിനെ മറികടക്കാനോ അപായപ്പെടുത്താനോ ശ്രമിച്ചിട്ടില്ല’–ശ്രീകുമാർ പറയുന്നു. സംഭവത്തിനു ശേഷം വീട്ടിൽ വിശ്രമത്തിലാണു ശ്രീകുമാർ.
https://www.facebook.com/Malayalivartha

























