ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കമ്പനിയുടെ കൈവശഭൂമി തിരിച്ചുപിടിക്കുന്നതു തടഞ്ഞ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്... അപ്പീല്‍ നല്‍കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം

ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കമ്പനിയുടെ കൈവശഭൂമി തിരിച്ചുപിടിക്കുന്നതു തടഞ്ഞ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. വിധി സംസ്ഥാനതാത്പര്യത്തിനു വിരുദ്ധമായതിനാല്‍ അപ്പീല്‍ നല്‍കാന്‍ റവന്യൂ മന്തി ഇ. ചന്ദ്രശേഖരന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിനും റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും നിര്‍ദേശം നല്‍കി. ഹാരിസന്റെ കൈവശമുള്ളതും വിറ്റതുമായ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ സ്‌പെഷല്‍ ഓഫീസറായിരിക്കേ എം.ജി. രാജമാണിക്യം ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങുന്നതിനിടെയാണു ഹൈക്കോടതിയില്‍നിന്നു പ്രതികൂലവിധിയുണ്ടായത്.
ഇതോടെ, മതിയായ രേഖകള്‍ ഹാജരാക്കാതെ കേസ് സര്‍ക്കാര്‍ തോറ്റുകൊടുക്കുകയായിരുന്നെന്ന് ആരോപണമുയര്‍ന്നു. ഈ പശ്ചാത്തലത്തിലാണു ഹാരിസണെതിരായ കേസുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുകയോ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം നടത്തുകയോ ചെയ്യണമെന്നായിരുന്നു റവന്യൂ വകുപ്പിന്റെ നിലപാട്. അപ്പീല്‍ നല്‍കിയാലും അനുകൂലവിധിക്കു സാധ്യത കുറവാണെന്നായിരുന്നു ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണത്തിനു ധാരണയായി. ഹാരിസന്റെ കൈവശഭൂമി തിരിച്ചുപിടിക്കുന്നതു മാത്രമാണു ഹൈക്കോടതി തടഞ്ഞത്.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ സര്‍ക്കാരിനു സിവില്‍ കോടതിയെ സമീപിക്കാമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഈ സാഹചര്യത്തിലാണു പുതിയ നിയമം നിര്‍മിക്കാനും പ്രത്യേകകോടതി സ്ഥാപിച്ച് ഹാരിസണിനെതിരേ കേസ് നല്‍കാനും ആലോചിച്ചത്.
എന്നാല്‍, അതിനു കാലതാമസമെടുക്കുമെന്നതിനാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഹാരിസണ്‍ ഹാജരാക്കിയ 1600/1923ാം നമ്പര്‍ ആധാരം വ്യാജമാണെന്നാണു വിജിലന്‍സ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























