പി.കെ കുഞ്ഞാലിക്കുട്ടിയുടെ വലംകൈ ആയിരുന്ന കെ.ടി ജലീലിനെ മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കാനാണ് സി.പി.എം നീക്കം

അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള നീക്കങ്ങള്‍ എല്‍.ഡി.എഫും യു.ഡി.എഫും അണിയറയില്‍ ആരംഭിച്ചു. ഇതില്‍ സി.പി.എമ്മിന്റെ തന്ത്രപ്രധാനമായ നീക്കം മന്ത്രി കെ.ടി ജലീലിനെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മല്‍സരിപ്പിക്കാനാണെന്നതാണ്. നിലവിലെ എം.പി പി.കെ കുഞ്ഞിലിക്കുട്ടിയുടെ വലംകൈ ആയിരുന്ന കെ.ടി ജലീലിനെ കളത്തിലിറക്കി ലീഗിന് ശക്തമായ പ്രതിരോധമാണ് സി.പി.എം തീര്‍ക്കാനൊരുങ്ങുന്നത്. ഗ്രൂപ്പ് വൈരം കാരണം മുസ്്്‌ലിംലീഗില്‍ നിന്ന് പുറത്ത് വന്ന ജലീലിനെ മല്‍സരിപ്പിച്ചാല്‍ ലീഗില്‍ അഭിപ്രായഭിന്നതയുള്ളവരുടെയും ജലീലുമായി ബന്ധമുള്ളവരുടെയും വോട്ട് നേടാനാകുമെന്ന് സി.പി.എം കണക്ക് കൂട്ടുന്നു.
ഇ. അഹമ്മദ് വര്‍ഷങ്ങളായി മല്‍സരിച്ച് വിജയിച്ചിരുന്ന സീറ്റാണ് മലപ്പുറം. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് എം.എല്‍.എയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി മല്‍സരിച്ച് ജയിച്ചത്. ഇ. അഹമ്മദിന്റെ അത്ര ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയിട്ടില്ല. അതിനാല്‍ ലീഗ് വോട്ടുകളില്‍ വിള്ളല്‍ വീണെന്നാണ് സി.പി.എം വിലയിരുത്തല്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ജലീലിനെ പോലുള്ളയാളുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിന് 55 ശതമാനം വോട്ടും സി.പി.എമ്മിന് 36 ശതമാനം വോട്ടും ലഭിച്ചിരുന്നു. കുഞ്ഞിലിക്കുട്ടിക്ക് എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് കിട്ടിയിരുന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് വോട്ട് വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചത് എസ്.ഡി.പി.ഐയുടെ വോട്ട് കണ്ണ് നട്ടാണ്. മലപ്പുറത്ത് എസ്.ഡി.പി.ഐക്ക് സാമാന്യം വോട്ടുണ്ട്. അത് തങ്ങളുടെ കുട്ടയിലേക്ക് വീഴിത്താനാണ് സി.പി.എം ശ്രമിക്കുന്നത്. എസ്.ഡി.പി.ഐക്കാര്‍ ഉള്‍പ്പെട്ട പല കേസുകളും ഒതുക്കിത്തീര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ വഴി വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസിന്റെ അന്വേഷണം ഉള്‍പ്പെടെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
https://www.facebook.com/Malayalivartha





















