വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെതിരെ കൂടുതല്‍ തെളിവുകള്‍; ജോര്‍ജിന്റെ ഗുരുതര വീഴ്ച വ്യക്തമാക്കുന്ന ചില നിര്‍ണായക മൊഴികളും ലഭിച്ചു; ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യും

വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെതിരെ അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ജോര്‍ജിന്റെ ഗുരുതര വീഴ്ച വ്യക്തമാക്കുന്ന ചില നിര്‍ണായക മൊഴികളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ വീണ്ടും ചോദ്യംചെയ്യാനാണ് നീക്കം.
ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ചമച്ച വ്യാജമൊഴിയെക്കുറിച്ച് ജോര്‍ജിന് വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. സംഭവദിവസം സ്‌റ്റേഷന്‍ ചുമതലയുണ്ടായിരുന്ന റൈറ്റര്‍ അടക്കം മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീടാക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വാസുദേവന്റെ മകന്‍ വിനീഷ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍ എന്നിവരുടെ വ്യാജമൊഴികളാണ് പൊലീസ് ചമച്ചത്. ഇവര്‍ നല്‍കിയ വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസിന് ആളുമാറിയിട്ടില്ലെന്നും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
തങ്ങള്‍ നല്‍കിയെന്ന് പറയുന്ന മൊഴി കെട്ടിച്ചമച്ചതാണെന്ന് വിനീഷും പരമേശ്വരനും ആവര്‍ത്തിച്ചെങ്കിലും പൊലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു എ.വി. ജോര്‍ജ്. എന്നാല്‍, ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതാണെന്ന് പിന്നീട് സ്ഥിരീകരിച്ചതോടെ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടു. ഇതിനിടെയാണ് ജോര്‍ജിന് വ്യാജമൊഴിയെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കുറ്റം തെളിഞ്ഞാല്‍ നിയമോപദേശം തേടിയശേഷം ജോര്‍ജിനെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് തീരുമാനം.
ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട സ്വാതന്ത്ര്യവും പ്രോത്സാഹനവും നല്‍കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആര്‍.ടി.എഫിന്റെ എല്ലാ നടപടികളും ജോര്‍ജിന്റെ നിര്‍ദേശപ്രകാരമായിരുന്നു. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം നല്‍കിയ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനായ െ്രെകംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നേരത്തേ ഒന്നിലധികം തവണ ജോര്‍ജില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്രമസമാധാനപാലനത്തിന്റെ ഭാഗമായ കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നായിരുന്നു ജോര്‍ജിന്റെ നിലപാട്.
https://www.facebook.com/Malayalivartha





















