പോലീസ് സ്‌റ്റേഷനുകളും ജയിലുകളും ഇടിമുറികളാവുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകളും ജയിലുകളും ഇടിമുറികളാവുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിമാന്‍ഡിലായ പ്രതികള്‍ക്കും പൊലീസ് കസ്റ്റഡിയിലായവര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തില്‍ സംജാതമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസ് സ്‌റ്റേഷനുകളും ജയിലുകളും ഇടിമുറികളായി മാറിയിരിക്കുന്നു. നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുകയും കശാപ്പുകാരായി മാറുകയും ചെയ്യുമ്ബോള്‍ സര്‍ക്കാര്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ്. കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ ദിവസം അഗളി ആനമൂലി സ്വദേശി ടിജോയും കൊട്ടാരക്കര സ്വദേശി മനുവുമാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മരിച്ചത്. അളവില്‍ കൂടുതല്‍ വിദേശ മദ്യം കയ്യില്‍ വച്ചുവെന്ന കുറ്റത്തിനാണ് ഇവര്‍ രണ്ടു പേരും അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ ടിജോയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായ പരുക്കേറ്റിരുന്നുവെന്ന് കാണിച്ചിട്ടുണ്ട്. കൊട്ടാരക്കര സ്വദേശി മനുവിനും മര്‍ദ്ദനമേറ്റതായിട്ടാണ് ബന്ധുക്കള്‍ പറയുന്നത്.
പൊലീസിനെയും എക്‌സൈസിനെയും രാഷ്ട്രീയ വല്‍ക്കരിച്ചതാണ് ഇതിനെല്ലാം കാരണം. പിണറായി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇത് തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. മാഹിയിലും കണ്ണൂരിലും ഉണ്ടായിരിക്കുന്ന കൊലപാതകങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്‌പോണ്‍സര്‍ ചെയ്തതാണ്. ഇപ്പോഴും പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റനുസരിച്ച് പ്രതികളെ ഉണ്ടാക്കുന്ന ഗതികേടിലാണ് പൊലീസ്.
തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യേഗസ്ഥരെ അടിക്കടി മാറ്റുന്ന കാഴ്ചയാണ് കാണുന്നത്. ഇത് ഉദ്യേഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്. പൊലീസിനെ രാഷ്ട്രീയ മുക്തമാക്കിയാല്‍ മാത്രമെ ഇത്തരം ക്രൂരതകള്‍ക്ക് അറുതിവരുത്താനാവൂ. കുറ്റവാളികളായ ഉദ്യേഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















