ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ സീറോ മലബാർ സഭ ഇടതു മുന്നണിയെ പിന്തുണക്കാൻ സാധ്യതയേറുന്നു

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ സീറോ മലബാർ സഭ ഇടതു മുന്നണിയെ പിന്തുണക്കാൻ സാധ്യതയേറുന്നു. സർക്കാർ വിചാരിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് കേസിൽ നിന്നും ഊരാനായത്.
അതിനിടെ കേസിൻമേൽ യാതൊരു തുടർനടപടികളും സുപ്രീം കോടതിയിൽ എത്താതിരിക്കാൻ ശ്രമം തകൃതിയാണ്.. ഒപ്പം പരാതിക്കാരനായ ഷൈൻ വർഗീസ് വീണ്ടും പോലീസിനെ സമീപിക്കാതിരിക്കാനും നീക്കങ്ങൾ ആരംഭിച്ചു. കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഹൈകോടതി റദ്ദാക്കിയിരിക്കുകയാണ്.
ജസ്റ്റിസ് കെമാൽ പാഷയാണ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. എന്നാൽ സർക്കാർ കേസെടുക്കാതെ പിന്നോട്ട് പോയി. കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഉണ്ടായതിനെ തുടർന്നാണ് കേസെടുത്തത്. എന്നാൽ കേസിന് ഗൗരവ സ്വഭാവം ഉണ്ടായിരുന്നില്ല. ഒരു തവണ പോലും കർദ്ദിനാളിനെ പോലീസ് ചോദ്യം ചെയ്തില്ല. അദ്ദേഹത്തിനെതിരെ കേസുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ പോലും പോലീസ് തയ്യാറായില്ല.
സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ നേരത്തെ സ്റ്റേ ലഭിച്ചിരുന്നു. ചതി, വിശ്വാസ വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി കേസെടുക്കാനായിരുന്നു സിംഗിൽ ബെഞ്ച് ഉത്തരവ്. ഇതിനെതിരെയാണ് ആലഞ്ചേരിയും മറ്റുള്ളവരും ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. ഡിവിഷൻ ബഞ്ച് ചീഫ് ജസ്റ്റിസിന്റെ നേത്യത്വത്തിലുള്ളതായിരുന്നു.
മുഖ്യമന്ത്രിയും സി പി എം നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ആത്മീയ നേതാവാണ് ജോർജ് ആലഞ്ചേരി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധം പിതാവിനുണ്ട്. അദ്ദേഹത്തിനെതിരെ സിംഗിൾ ബഞ്ച് ഉത്തരവ് ഉണ്ടായപ്പോൾ അതിൽ വിഷമിച്ച് പോയത് സി പി എം ആണ്. ചെങ്ങന്നൂർ ഇലക്ഷനിടയിലാണ് ഉത്തരവുണ്ടായത്. ഒരു നടപടിയും പിതാവിനെതിരെ വേണ്ടെന്നായിരുന്നു ആദ്യത്തെ തീരുമാനം. അപ്പോഴാണ് വീണ്ടും ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. അങ്ങനെയാണ് പേരിന് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
ആലഞ്ചേരി പിതാവ് ഏതായാലും ആഹ്ലാദത്തിലാണ്. അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്ന പുകമറയാണ് മാറി കിട്ടിയത്. അത് ഏതായാലും മുന്നോട്ടുള്ള പ്രയാണത്തിന് പിതാവിനെ സഹായിക്കും. കേസിന്റെ നാളുകളിൽ അദ്ദേഹം അനുഭവിച്ച മനോവേദന അത്രമേൽ തീവ്രമായിരുന്നു. അന്നും സർക്കാരാണ് പിതാവിനൊപ്പം നിന്നത്. കോൺഗ്രസിൽ നിന്നും പിതാവിന് ഒരു പിന്തുണയും ലഭിച്ചില്ല. അതിൽ അദ്ദേഹത്തിന് വേദനയില്ല. കാരണം അദ്ദേഹത്തിന് അടുപ്പമുള്ള ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു റോളുമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. മാർത്തോമാ സഭക്കും സീറോ മലബാറിനും ഉറച്ച അടിത്തറയുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. കൂടാത്തതിന് സി പി എം സ്ഥാനാർത്ഥി ക്രൈസ്തവ സമുദായത്തിലുള്ളയാളും. ഇതാണ് സാഹചര്യമെന്നിരിക്കെ സജി ചെറിയാനല്ലാതെ മറ്റാർക്ക് വോട്ടു ചെയ്യുമെന്നാണ് ക്രൈസ്തവ മതമേലധ്യക്ഷൻമാർ ചോദിക്കുന്നത്. കോടതി വിധി സർക്കാരിനെ സഹായിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha