ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സര്‍ക്കാറിന്റെ സൗജന്യ അപകട ഇന്‍ഷൂറന്‍സ് പദ്ധതി

ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സര്‍ക്കാറിന്റെ സൗജന്യ അപകട ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാവും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക.
ഗ്രൂപ്പ്, പഴ്‌സനല്‍ അപകട ഇന്‍ഷൂറന്‍സ് പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെ തുടര്‍ച്ചയായി അപകടങ്ങളില്‍ കുട്ടികള്‍ മരിച്ചപ്പോഴാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചത്. കുട്ടി അപകടത്തില്‍ മരിച്ചാല്‍ രക്ഷിതാവിന് 50,000 രൂപയും അപകടത്തില്‍പ്പെട്ട് സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാല്‍ 10,000 രൂപയും അപകടത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് ചികിത്സക്ക് പരമാവധി 10,000 രൂപയും ലഭിക്കും.
കൂടാതെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ മരിച്ചാല്‍ 50,000 രൂപ ട്രഷറി അക്കൗണ്ടില്‍ സ്ഥിരനിക്ഷേപം നടത്തും. ഇതിലെ പലിശയിനത്തില്‍ ലഭിക്കുന്ന തുക കുട്ടിയുടെ പഠനാവശ്യത്തിന് വിനിയോഗിക്കും. വി.എസ് സര്‍ക്കാറിന്റെ കാലത്ത് ആലോചിച്ച പദ്ധതി പിന്നീട് യു.ഡി.എഫിന്റെ കാലത്ത് സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പ് മുഖാന്തരം നടപ്പാക്കാന്‍ ഉത്തരവായെങ്കിലും നടന്നില്ല.
അന്നത്തെ പദ്ധതി പരിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഖേന നടപ്പാക്കാനാണ് സര്‍ക്കാറിന്റെ ഉത്തരവ്. ഇതിന്റെ ആദ്യഘട്ടം തുക വകയിരുത്തിയിട്ടുണ്ട്. 35 ലക്ഷത്തോളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
https://www.facebook.com/Malayalivartha






















