സ്‌റ്റേഷനില്‍ കയറിയിറങ്ങി മടുത്തു; ഗതികെട്ട ജോസഫ് ഒടുവില്‍ പോലീസുകാരെ ഒന്നാകെ ഞെട്ടിച്ചു; ഇനിയെങ്ങനെ പറ്റില്ലെന്ന് പറയും?

ചിരിക്കണോ അത്ഭുതപ്പെടണോ എന്ന അവസ്ഥയിലാണ് ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ പോലിസുകാര്‍. രണ്ടാഴ്ചകള്‍ക്കു മുമ്പ് ജോസഫിന്റെ കാറില്‍ ഒരു ബൈക്ക് തട്ടിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഇതേതുടര്‍ന്ന് ജനറല്‍ ഡയറി(ജിഡി) എന്‍ട്രിയുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് ചങ്ങനാശേരി പോലീസ് സ്‌റ്റേഷനില്‍ എത്തുന്നത്. അവിടെ ചെന്നതോടെയാണ് പകര്‍പ്പ് എടുത്തു നല്‍കുന്ന പ്രിന്റര്‍ പണിമുടക്കിലാണെന്ന് അറിഞ്ഞത്. ആദ്യ ദിവസം ക്ഷമിച്ചു. രണ്ടം ദിവസം ചെന്നപ്പോഴും അതേ അവസ്ഥ. മൂന്നാം ദിവസമായി, സ്‌റ്റേഷനിലെ പ്രിന്റര്‍ പണിമുടക്ക് തുടര്‍ന്നതിനാല്‍ ജോസഫിന്റെ ബുദ്ധിമുട്ട് കണ്ട് തൊട്ടടുത്തുള്ള കടയില്‍ നിന്ന് പകര്‍പ്പ് എടുത്തു നല്‍കി.
ഇതിനു പിന്നാലെയാണ് ജോസഫ് അറിയുന്നത് പണിമുടക്കിയിരിക്കുന്ന പ്രിന്റര്‍ ശരിയാക്കണമെങ്കില്‍ ഉദ്യോഗസ്ഥതലത്തില്‍ അനുമതി വേണമെന്ന്. അതുകൊണ്ടു തന്നെ പണിമുടക്ക് നീണ്ടുപോകനുള്ള എല്ലാ സാധ്യതയും മുന്നില്‍ കണ്ടപ്പോള്‍ ജോസഫ് ഒടുവില്‍ നന്മ നിറഞ്ഞവന്‍ ജോസഫ് ആയി. തന്നെ നടത്തിച്ച ഒരു ചെറിയ കാര്യത്തിനായി പലരും ഇതുപോലെ സ്‌റ്റേഷനില്‍ കയറിയിറങ്ങുന്നുണ്ടെന്ന് ബോധ്യമായ ജോസഫ് സ്വന്തം ചിലവില്‍ ഒടുവില്‍ പ്രിന്റര്‍ സ്‌റ്റേഷനിലേക്ക് വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
സിഐ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ 18,000 രൂപ വിലയുള്ള പ്രിന്റര്‍ വെരൂര്‍ മുളകുപാടം ജോസഫ് ജോറബ് പോലീസ് സ്‌റ്റേഷനു സമ്മാനിച്ചപ്പോള്‍ സ്‌റ്റേഷന്‍ ഒന്നടങ്കം ഞെട്ടി. ഏറെക്കാലം വിദേശത്തു ജോലി ചെയ്തിരുന്ന ജോസഫ് 2011 ലാണ് മടങ്ങി വന്നത്. ചെറിയ പ്രശ്‌നങ്ങള്‍ മൂലം ജനങ്ങള്‍ക്ക് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് അധികൃതരെ ഓര്‍മ്മിപ്പിക്കാനാണ് പ്രിന്റര്‍ വാങ്ങി നല്‍കിയതെന്ന് ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha























