മുന്നാക്കക്കാരിലെ പിന്നാക്കകാർക്ക്, സാമ്പത്തിക സംവരണം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം മുഖ്യമന്ത്രി ഇടപെട്ടു പൊളിച്ചു

ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കകാർക്ക് സാമ്പത്തിക സംവരണം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അട്ടിമറിക്കാനുള്ള എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കം മുഖ്യമന്ത്രി ഇടപെട്ടു പൊളിച്ചു.
സംസ്ഥാന സർക്കാരിലെ ഉന്നതനായ ഒരു ഉദ്യാഗസ്ഥന്റെ നേതൃത്വത്തിലാണ് വെള്ളാപ്പള്ളി നടേശൻ സംവരണ നീക്കം പൊളിക്കാൻ ശ്രമിച്ചത്. സംവരണം ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു സർക്കാരിന് നിയമോപദേശം നൽകാൻ പ്രാപ്തനായ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള ഉപദേശം. അദ്ദേഹം ഇക്കാര്യം എഴുതി മുഖ്യമന്ത്രിക്ക് നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഡോ. എൻ കെ ജയകുമാറിന് മുഖ്യമന്ത്രി ശുപാർശ കൈമാറി. തുടർന്ന് ജയകുമാർ വിഷയം പരിശോധിച്ചു. നിയമോപദേശത്തിൽ കഴമ്പില്ലെന്നായിരുന്നു ജയകുമാറിന്റെ കണ്ടെത്തൽ.
എല്ലാ സമുദായങ്ങൾക്കും കൃത്യമായി ആനുകൂല്യം നൽകാനുള്ള തീരുമാനമാണ് എക്കാലവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. ദളിത് വിഭാഗങ്ങൾക്ക് ക്ഷേത്ര ശാന്തിമാരായി നിയമനം നൽകാനുള്ള തീരുമാനം മുഖ്യമന്ത്രി സ്വീകരിച്ചപ്പോൾ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കകാർക്ക് സംവരണം നൽകാൻ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥനുമായി മുഖ്യമന്ത്രി ചർച്ച ചെയ്തിരുന്നു. പ്രസ്തുത ചർച്ചയിലും ഇത്തരമൊരു സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം നിലപാടെടുത്തിരുന്നു. എന്നാൽ തന്റെ നിലപാട് ഇതാണെന്ന് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി.
ജി. സുകുമാരൻ നായർ കോട്ടയം ഗസ്റ്റ് ഹൗസിൽ പിണറായിയെ സന്ദർശിച്ചത് വാർത്തയായിരുന്നു. സാധാരണ അദ്ദേഹം ഭരണാധികാരികളെ അങ്ങോട്ട് പോയി കാണാറില്ല. കോടിയേരി പലവട്ടം പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് വന്നിട്ടുണ്ട്. എന്നാൽ പിണറായി അത്തരം സന്ദർശനങ്ങൾ നടത്താറില്ല.
അത് തന്നെയാണ് അദ്ദേഹത്തിന്റെ വില. ജി. സുകുമാരൻ നായർ ആർ എസ് എസിനും ബിജെപിക്കുമെതിരെ എടുക്കുന്ന നിലപാടുകൾ എക്കാലവും ശ്രദ്ധേയമായിരുന്നു. സുരേഷ് ഗോപിയെ എൻ എസ് എസിന്റെ ആസ്ഥാനത്ത് നിന്നും സുകുമാരൻ നായർ ഇറക്കിവിട്ടത് വലിയ വാർത്തയായിരുന്നു. ചെങ്ങന്നൂരിൽ എൻ എസ് എസുമായി അടുപ്പം സൂക്ഷിച്ചിരുന്ന വിജയകുമാറിനെ സുകുമാരൻ നായർ പരസ്യമായി പിന്തുണക്കാതിരുന്നതും സി പി എമ്മിന് ആശ്വാസമായിരുന്നു.
പിണറായി അധികാരത്തിലെത്തിയ വേളയിൽ എം ജി സർവകലാശാല സിന്റിക്കേറ്റ് പുന:സംഘടിപ്പിച്ചിരിക്കുന്നു. അന്ന് സിന്റിക്കേറ്റംഗമായ സുകുമാരൻ നായരുടെ മകൾ ഒഴികെയുള്ളവരെ സർക്കാർ പിരിച്ചുവിട്ടു. അന്നു തന്നെ സി പി എമ്മും സുകുമാരൻ നായരും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത എല്ലാവർക്കും മനസിലായതാണ്.
വെള്ളാപ്പള്ളി നടേശൻ സർക്കാരിന്റെ പരിഗണനയിലുള്ള നിരവധി കേസുകളിൽ പ്രതിയാണ്. അതു കൊണ്ടു തന്നെ സർക്കാരിനെതിരെ രംഗത്ത് വരില്ല. സുകുമാരൻ നായരുമായി കൊടിയ ശത്രുതയാണ് വെള്ളാപ്പള്ളിക്കുള്ളത്. അതു കൊണ്ടു കൂടിയാണ് സർക്കാരിനെ സ്വാധീനിച്ച് മുന്നാക്ക സംവരണം അട്ടിമറിക്കാൻ ശ്രമിച്ചത്. പിണറായിയോട് ഇക്കാര്യം അപേക്ഷാ രൂപത്തിൽ ആവശ്യപ്പെട്ടെങ്കിലും അത് സർക്കാരിന്റെ നയമാണെന്ന് പറഞ്ഞ് നിരസിച്ചു. അതിനു ശേഷമാണ് ഉന്നത ഉദ്യോഗസ്ഥനെ സ്വാധീനിച്ച് അട്ടിമറിശ്രമം നടത്തിയത്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് വെള്ളാപ്പള്ളിയും സുകുമാരൻ നായരും ഒരുമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഏച്ച് കെട്ടിയ ബന്ധം പോലെ അത് പൊട്ടിത്തകർന്നു. ചേരുന്നതിനേക്കാൾ വേഗത്തിലായിരുന്നു വേർപിരിയൽ. ഇത് വലിയ വാർത്തയും വിവാദവുമായി തീർന്നു. സുകുമാരൻ നായരും വെള്ളാപ്പള്ളിയും ചേരിതിരിഞ്ഞ് പോരടിച്ചതും കേരളം കണ്ടതാണ്.
മുന്നാക്ക സംവരണത്തിന് ചട്ടഭേദഗതി മതിയെന്നാണ് സർക്കാർ എൻ എസ് എസിനെ അറിയിച്ചത്. സംവരണ കാര്യത്തിൽ എതിർപ്പുണ്ടെങ്കിലും തീരുമാനവുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭരണഘടനാ ഭേദഗതി വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി സുകുമാരൻ നായർ അറിയിച്ചു.
https://www.facebook.com/Malayalivartha

























