രാജിവച്ച നടിമാരെ പൂര്‍ണമായി മനസിലാക്കാന്‍ എനിക്ക് കഴിയും, അവരുടെ തീരുമാനത്തെയും ആ ധൈര്യത്തെയും ഞാന്‍ അഭിനന്ദിക്കുന്നു ; ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമാണ് അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ടെ ; ദിലീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന്, സംഘടനയില്‍നിന്നു നാലു നടിമാര്‍ രാജിവച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടന് പൃഥ്വിരാജ്. അമ്മയില്‍നിന്നു രാജിവച്ച നടിമാര്‍ക്കൊപ്പമാണ് താനെന്നും പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമാണെന്നും അതിന്റെ ക്രെഡിറ്റ് തനിക്കു വേണ്ടെന്നും അദ്ദേഹം ഒരു ഇംഗ്ലീഷ് വാരികയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അമ്മയില്‍നിന്നു രാജിവച്ച രമ്യ, ഗീതു, റിമ, ഭാവന എന്നിവരെ പൂര്‍ണമായി മനസിലാക്കാന്‍ എനിക്ക് കഴിയും. അവരുടെ തീരുമാനത്തെയും ആ ധൈര്യത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ അവര്‍ക്കൊപ്പമാണ്. അവരെ വിമര്‍ശിക്കുന്നവരുണ്ടാകാം. എന്നാല്‍ തെറ്റും ശരിയും നോക്കിക്കാണുന്നവന്റെ വീക്ഷണമാണെന്നു താന്‍ കരുതുന്നു എന്നായിരുന്നു നടിമാര്‍ രാജിവച്ചതിനെ സംബന്ധിച്ച ചോദ്യത്തോടു പൃഥ്വിരാജിന്റെ മറുപടി.
ആക്രമിക്കപ്പെട്ട നടി ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണ്. ആ സംഭവത്തിന്റെ വേദനയില്‍നിന്നു ഞാന്‍ ഇപ്പോഴും മുക്തനായിട്ടില്ല. അവര്‍ പ്രകടിപ്പിച്ച ധീരതയെ ഞാന്‍ ബഹുമാനിക്കുന്നു. മൗനം പാലിക്കാന്‍ അവര്‍ക്കു സാധിക്കുമായിരുന്നു. എന്നാല്‍ ഒരു വിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ അവര്‍ പോരാടി. അവരുടെ പോരാട്ടം സിനിമയിലും പുറത്തുമുള്ള സ്ത്രീകള്‍ക്കു വേണ്ടിയായിരുന്നു- പൃഥ്വിരാജ് പറഞ്ഞു.
എന്തെങ്കിലും പറയണമെന്നു കരുതിയാന് അതില്‍ നിശബ്ദത പാലിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും കൂടുതല്‍ പ്രതികരണം ശരിയായ സമയത്ത് പറയേണ്ടിടത്തു പറയുമെന്നും നടന് വ്യക്തമാക്കി. അഞ്ജലി മേനോന് ചിത്രത്തിന്റെ ജോലികള്‍ ബാക്കിനില്ക്കുന്നതിനാലായിരുന്നു താന്‍ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപിനെ അമ്മയില്‍നിന്നു പുറത്താക്കിയത് തന്റെ നിര്‍ബന്ധത്തിന്റെ പുറത്താണെന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ ആരോപണത്തിനും പൃഥ്വി മറുപടി നല്കി. ഗണേഷ് കുമാറിന് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ദിലീപിനെ പുറത്താക്കിയതിനു താനാണു കാരണക്കാരന്‍ എന്ന് അദ്ദേഹം പറഞ്ഞത് തെറ്റാണ്. ആ ക്രെഡിറ്റ് തനിക്കു വേണ്ട. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നു. അമ്മയിലെ എല്ലാ അംഗങ്ങളെയും അന്ന് ബന്ധപ്പെട്ടിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha

























