ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി അന്വേഷണ സംഘം; കൊല ആസൂത്രണം ചെയ്തവരില്‍ കേണലായി വിരമിച്ച വിമുക്ത ഭടനും

മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. തീവ്ര ഹിന്ദുത്വ സംഘടനകളിലെ നാലു പ്രമുഖ നേതാക്കളാണ് ഗൗരി ലങ്കേഷിനെയും മറ്റു പുരോഗമനവാദികളെയും കൊലപ്പെടുത്താനുള്ള ആസൂത്രണം നടത്തിയതെന്ന് സംശയിക്കുന്നതായിയുള്ള നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം എത്തിയിരിക്കുന്നത്.
ഇപ്പോള്‍ പിടിയിലായ ആറു പ്രതികളും മുകളില്‍നിന്നുള്ളവരുടെ നിര്‍ദേശാനുസരണം ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കൊല ആസൂത്രണം ചെയ്തവരെന്നു സംശയിക്കുന്ന നാലുപേര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കൊല ആസൂത്രണം ചെയ്ത നാലുപേരില്‍ കേണലായി വിരമിച്ച വിമുക്ത ഭടനും ഉള്‍പ്പെട്ടിട്ടുണ്ട്. വിരമിച്ചശേഷം തീവ്രഹിന്ദുത്വ സംഘടനയില്‍ അംഗമായ ഇദ്ദേഹത്തിനും കൊലപാതകത്തില്‍ പങ്കുള്ളതായാണ് സൂചന. ഈ നാലുപേരില്‍നിന്നുമുള്ള നിര്‍ദേശങ്ങള്‍ പ്രതികളിലൊരാളായ അമോല്‍ കാലെയിലൂടെയാണ് നടപ്പാക്കിയിരുന്നത്. കൊലപാതകം ആസൂത്രണം ചെയ്തവര്‍ക്കും കൃത്യം നടപ്പാക്കിയവര്‍ക്കും ഇടയിലെ കണ്ണിയായാണ് അമോല്‍കാലെ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























