ആശുപത്രിയിൽ നിന്നും കാണാതായ ആറ് ദിവസം പ്രായമുള്ള കൈക്കുഞ്ഞിനെ തിരികെ കിട്ടി ; തുണയായത് സിസിടിവി ദൃശ്യങ്ങൾ ; കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നിൽ വൻ മാഫിയ സംഘമെന്ന് പോലീസ്

ഹൈദരാബാദിൽ ആശുപത്രിയിൽ നിന്നും കാണാതായ ആറ് ദിവസം പ്രായമുള്ള കൈക്കുഞ്ഞിനെ തിരികെ കിട്ടി. പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ സി.സി.ടി.വി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ചത്. തുടർന്ന് ആന്ധ്ര-കർണാടക അതിർത്തിയോട് ചേർന്ന ബിഡാറിൽ വച്ച് കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സ്ത്രീയേയും കണ്ടെത്തി.
ഹൈദരാബാദിലെ സർക്കാർ മെറ്റേർണിറ്റി ആശുപത്രിയിൽ നിന്നും ഞായറാഴ്ചയായിരുന്നു ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയത്. കുഞ്ഞിന് വാക്സിനേഷൻ നൽകാൻ സഹായിക്കാമെന്ന് പറഞ്ഞ് അമ്മയെ സ്ത്രീ സമീപിച്ചു. ഇവർ ആശുപത്രി ജീവനക്കാരി ആയിരിക്കുമെന്ന് കരുതി അമ്മ കുഞ്ഞിനെ കൈമാറി. എന്നാൽ ഇതിനിടെ യുവതി കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.
കൈക്കുഞ്ഞിനെയും എടുത്ത് യുവതി പുറത്തേക്ക് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും കർണാടകയിലെ ബിഡാറിലേക്ക് പോകുന്ന ബസിൽ കയറുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സർക്കാർ മെറ്റേർണിറ്റി ആശുപത്രിയിൽ മുൻപും സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോകൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha























